2018/01/03

സംവരണം സാമൂഹിക സമത്വം കൈവരിക്കുന്നതിന്: അഡ്വ.ജോഷി ജേക്കബ്


സമാജവാദി ജനപരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടറിയേറ്റ് 
സത്യാഗ്രഹം സമാജവാദി ജനപരിഷത്ത് മുൻ ദേശീയ അദ്ധ്യക്ഷൻ 
അഡ്വ. ജോഷി ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന ജനറൽ 
സെക്രട്ടറി എബി ജോൺ വൻനിലം തിരുവനന്തപുരം ജില്ലാ കൺവിനർ 
നെയ്യാറ്റിൻകര ബിനു, സംസ്ഥാന വൈസ് പ്രസിഡന്റ് എം.എൻ.തങ്കപ്പൻ 
എന്നിവർ സമീപം.
തിരുവനന്തപുരം, 2018 ജനുവരി 1: സാമൂഹിക സമത്വം കൈവരിക്കുന്നതിനാണ് സംവരണമെന്നും എന്നാൽ സംവരണത്തിനുള്ളിൽ ഉരുത്തിരിഞ്ഞിട്ടുള്ള അസന്തുലിതാവസ്ഥയും അസമത്വവും പരിഹരിച്ച് സംവരണത്തെ കൂടുതൽ ചലനാത്മകമാക്കണമെന്നും സമാജവാദി ജനപരിഷത്ത് മുൻ ദേശീയ അദ്ധ്യക്ഷനും ദേശീയ നിർവാഹക സമിതിയംഗവുമായ അഡ്വ. ജോഷി ജേക്കബ്ബ് അഭിപ്രായപ്പെട്ടു. പിണറായി സർക്കാരിന്റെ മുന്നാക്ക സമുദായ സംവരണ നയം സംവരണത്തിന്റെ ലക്ഷ്യങ്ങളെ അട്ടിമറിക്കുന്നതാണെന്നു് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംവരണ ലക്ഷ്യങ്ങളെ അട്ടിമറിക്കുന്ന മുന്നാക്ക സമുദായ സംവരണ നയം പിൻവലിക്കുക, സമഗ്രമായ സംവരണ നയം ആവിഷ്‌ക്കരിച്ച് കാലോചിതമായി സംവരണം പരിഷ്‌ക്കരിക്കുക. ദലിത മുസ്ലീങ്ങൾ, ദലിത ക്രൈസ്തവർ, മറ്റു ശുപാർശിത വിഭാഗങ്ങൾ എന്നിവരെ പട്ടികജാതികളായി ഉൾപ്പെടുത്തുക, സംവരണത്തിനുള്ളിലെ അസന്തുലിതാവസ്ഥയും അസമത്വവും പരിഹരിക്കുക, പാർലമെന്റിലും നിയമസഭകളിലും, വനിതകൾക്ക് മൂന്നിലൊന്ന് സീറ്റുകൾ സംവരണം ചെയ്യുക, സാമ്പത്തിക സമത്വവും തൊഴിലും മനുഷ്യാന്തസ്സും ഉറപ്പുവരുത്തുന്ന വികസനനയംകൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സമാജവാദി ജനപരിഷത്ത് സെക്രട്ടേറിയേറ്റിനു മുമ്പിൽ സംഘടിപ്പിച്ച സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഡ്വ. ജോഷി ജേക്കബ്.


സാമൂഹികമായ കാരണങ്ങളാൽ പിന്തള്ളപ്പെട്ട വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുകയാണു് സംവരണത്തിന്റെ ലക്ഷ്യമെന്നും ദാരിദ്ര്യവും തൊഴിലില്ലായ്മയും പരിഹരിയ്ക്കേണ്ടത് വികസന നയത്തിലൂടെയാണെന്നും മുഖ്യപ്രഭാഷണം നടത്തിയസംസ്ഥാന ജനറൽ സെക്രട്ടറി എബി ജോൺ വൻനിലം പറഞ്ഞു.

സംസ്ഥാന ഉപാദ്ധ്യക്ഷൻ എം.എൻ. തങ്കപ്പൻ ആദ്ധ്യക്ഷം വഹിച്ചു. ജില്ലാ കൺവിനർ നെയ്യാറ്റിൻകര ബിനു സ്വാഗതവും രാജു കക്കാടംപള്ളി നന്ദിയും പറഞ്ഞു.2017/07/08

സുരേഷ് നരിക്കുനിയുടെ പിതാവു് ഗോപാലൻ നായർ അന്തരിച്ചു


സമാജവാദി ജനപരിഷത്ത് സംസ്ഥാന നേതാവു് സ. സുരേഷ് നരിക്കുനിയുടെ പിതാവു് കാവുംപോയിൽ വള്ളിക്കാട്ടു്, മലയിൽ ഗോപാലൻ നായർ 2017 ജൂലൈ 5 ബുധനാഴ്ച അന്തരിച്ചു. 94 വയസ്സായിരുന്നു.

സംസ്കാരം പിറ്റേന്നു വ്യാഴാഴ്ച നടന്നു. സമാജവാദി ജനപരിഷത്ത് സംസ്ഥാന-ജില്ലാ നേതാക്കൾ അന്ത്യോപചാരം അരപ്പിയ്ക്കാനെത്തിയിരുന്നു. സംസ്ഥാനസമിതിയംഗം സ. അഡ്വ. കുതിരോട്ടു പ്രദീപൻ, സ. ജോസ് വേളാശേരി എന്നിവർ സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തു. സമാജവാദി ജനപരിഷത്ത് സംസ്ഥാനപ്രസിഡന്റ് വിനോദ് പയ്യട വീട്ടിലെത്തി സംസ്ഥാന സമിതിയുടെ അനുശോചനം അറിയിച്ചു. സമാജവാദി ജനപരിഷത്ത് ദേശീയ നേതാവും മുൻ പ്രസിഡന്റുമായ സ. ജോഷി ജേക്കബ്ബിനും സമാജവാദി ജനപരിഷത്ത് സംസ്ഥാനസമിതിയ്ക്കും സംസ്ഥാന ജനറൽ സെക്രട്ടറി സ. എബി ജോൺ വൻനിലത്തിനും വേണ്ടി പുഷ്പചക്രം സമർപ്പിയ്ക്കപ്പെട്ടു.

പത്മാവതിയമ്മയാണു ഭാര്യ. കമലാക്ഷി, ശശികുമാർ (കൊല്ലം) സുരേഷ് നരിക്കുനി, ജയാനന്തൻ എന്നിവർ മക്കളാണു്.

2017/05/01

സമാജവാദി ജനപരിഷത്ത് കമൽ ബാനർജി ദേശീയ പ്രസിഡന്റ്, അഫ്‌ലാത്തുൻ ജനറൽ സെക്രട്ടറി


കമൽ ബാനർജി


അഫ്‌ലാത്തുൻ

ജടേശ്വർ, (ജൽപായിഗുഡി ജില്ല, പശ്ചിമ ബംഗാൾ): സമാജവാദി ജനപരിഷത്തിന്റെ പതിനൊന്നാം ദ്വൈ വാർഷിക ദേശീയ സമ്മേളനം പുതിയ ദേശീയ പ്രസിഡന്റായി അഡ്വ. കമൽ ബാനർജിയെയും (പശ്ചിമ ബംഗാൾ) ജനറൽ സെക്രട്ടറിയായി അഫ്‌ലാത്തുനിനെയും (ഉത്തരപ്രദേശ്) രണ്ടു് വർഷത്തേയ്ക്കുള്ള ദേശീയ നിർവാഹക സമിതിയെയും തെരഞ്ഞെടുത്തു. പുതിയ ദേശീയ നിർവാഹക സമിതിയോഗംചേർന്നു് വൈസ് പ്രസിഡന്റുമാരായി അഡ്വ. നിഷ ശിവുർക്കർ മഹാരാഷ്ട്രം),ലിംഗരാജ് ആസാദ് (ഉഡീഷ) അജയ് ഖരെ (മദ്ധ്യപ്രദേശ്) എന്നിവരെയും ഖജാൻജിയായി ചന്ദ്രഭൂഷൺ ചൗദ്ധരിയെയും (ഝാർഖണ്ഡ്) സംഘടനാ സെക്രട്ടറിയായി രഞ്ജിത് റായിയെയും (പശ്ചിമ ബംഗാൾ) സെക്രട്ടറിയായി ഫാഗ് റാമിനെയും (മദ്ധ്യപ്രദേശ്) തെരഞ്ഞെടുത്തു. കേരളത്തിൽനിന്നുള്ള അഡ്വ. ജോഷി ജേക്കബ്ബ് ദേശീയ നിർവാഹക സമിതിയംഗമാണു്.
ജോഷി ജേക്കബ്ബ്

പശ്ചിമ ബംഗാളിലെ ജൽപായിഗുഡി ജില്ലയിലെ ജടേശ്വർ നഗരത്തിൽ സോഷ്യലിസ്റ്റ് നേതാവ് ചിത്തഡേയുടെ പേരുനല്കിയ സമ്മേളന സ്ഥലത്ത് ഏപ്രിൽ 29, 30 മെയ് 1 തിയ്യതികളിലായാണു് ദേശീയ സമ്മേളനം നടന്നതു്. സ്ഥാനമൊഴിയുന്ന ദേശീയ പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബ്ബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം പ്രമുഖസോഷ്യലിസ്റ്റ് ചിന്തകനായ സച്ചിദാനന്ദ സിൻഹയാണു് ഉദ്ഘാടനം ചെയ്തതു്.

പുതിയ ജനറൽ സെക്രട്ടറി അഫ്‌ലാത്തുൻ, മഹാത്മാഗാന്ധിയുടെ പേഴ്‌സണൽ സെക്രട്ടറിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന മഹാദേവ ദേശായിയുടെ മകനായ നാരായണദേശായിയുടെ മകനാണു്.

2017/04/23

ദേശീയതയായി ഭാവിക്കുന്ന വർഗീയത യഥാർത്ഥ ഇന്ത്യൻ ദേശീയതയ്ക്കു ഭീഷണി: സോഷ്യലിസ്റ്റ് നേതാവു് ജോഷി

സമാജവാദി ജനപരിഷത്തു്‌ സംസ്ഥാന പ്രതിനിധിസമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ടു്‌ ദേശീയ പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബ്‌ സംസാരിയ്‌ക്കുന്നു.
 സംസ്ഥാന ജനറൽ സെക്രട്ടറി എബി ജോൺ വൻനിലം, സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം എൻ തങ്കപ്പൻ എന്നിവർ സമീപം.

കൂത്താട്ടുകുളം: ദേശീയതയായി ഭാവിക്കുന്ന വർഗീയത യഥാർത്ഥ ഇന്ത്യൻ ദേശീയതയ്ക്കു ഭീഷണിയാണെന്ന് സമാജവാദിജനപരിഷത്തു്‌ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ ജോഷി ജേക്കബ്‌ പ്രസ്‌താവിച്ചു. കൂത്താട്ടുകുളത്ത് കെ.പി. ജനാർദ്ദനൻ നമ്പൂതിരി നഗരിയിൽ (ഹൗസ്കോസ് ഓഡിറ്റോറിയം) 2017 ഏപ്രിൽ 23 നു് രാവിലെ സമാജവാദി ജനപരിഷത്തു്‌ സംസ്ഥാന പ്രതിനിധിസമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ടു്‌ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം.

മാനവീയതയ്ക്കു നേരെയുയർന്നിരിക്കുന്ന മാരകമായ ഭീഷണിയെന്ന നിലയിലാണ് ലോകമെമ്പാടും വർഗീയത ശക്തിയാർജിച്ചു വരുന്നതിനെ കാണേണ്ടത്. ജനങ്ങളെയും ജനങ്ങളുടെ ചിന്തയെയും സംസ്‌കാരത്തെയും കോർപ്പറേറ്റു ശക്തികൾ അവരുടെ സ്ഥാപിത താല്പര്യത്തിനനുസരിച്ച് രൂപപ്പെടുത്തുന്നതിനെ നേരിടുവാന്‍ ജനകീയശക്തികൾക്കു കഴിയുന്നില്ല . പൊതുജനാഭിപ്രായം വഴി തെറ്റിക്കപ്പെടുന്നത് ആശങ്കയുണർത്തുന്നതാണെന്നു് അദ്ദേഹം കൂട്ടിച്ചേർത്തു.

കുത്തകകൾ ജനിതകമാറ്റം വരുത്തിയിറക്കിയിരിക്കുന്ന അന്തകവിത്തുകൾ വ്യാപകമായിക്കൊണ്ടിരിക്കുന്നത് യഥാർത്ഥ വിത്തുകൾ ഇല്ലാതാക്കുമെന്നും ലോകനാഗരികതയ്ക്കും ഭൂമിയിലെ ജീവിവർഗത്തിനു മൊത്തത്തിലും ഭീഷണിയാണെന്നും പ്രതിനിധിസമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആശങ്ക പ്രകടിപ്പിച്ചു . ഏപ്രിൽ 22ന് പാലക്കാട് കളക്ടറേറ്റിനു മുമ്പിൽ ആരംഭിച്ച അനിശ്ചിതകാല പ്ലാച്ചിമടസത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച സമ്മേളനം ആതിരപ്പിള്ളി ജലവൈദ്യുതപദ്ധതിക്കുള്ള നീക്കങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.

തിബത്തൻ ജനതയുടെ സാംസ്‌കാരികവും രാഷ്ട്രീയവുമായ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും തിബത്തൻ പ്രശ്‌നപരിഹാരത്തിനായി ചൈന ധർമശാലയിലെ തിബത്തൻ പ്രവാസിസർക്കാരുമായി ചർച്ച ചെയ്ത് ഒത്തുതീർപ്പിലെത്തണമെന്നും സമാജവാദി ജനപരിഷത്ത് സമ്മേളനം ആവശ്യപ്പെട്ടു. അരുണാചലപ്രദേശിനു മേൽ അവകാശവാദം ഉയർത്താനും ചില സ്ഥലങ്ങൾക്കു പേരു നൽകുവാനും ചൈനീസ് അധിനിവേശവാദികൾ നടത്തുന്ന ശ്രമത്തിനെതിരെ ഇന്ത്യ രാജ്യാന്തര പിന്തുണ തേടണം.

ജമ്മു-കാശ്മീർ സംസ്ഥാനത്തെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി നിലനിറുത്തണമെന്ന ഉദ്ദേശ്യത്തോടെ ജനങ്ങളുടെ വിശ്വാസമാർജിക്കാനുള്ള നടപടികൾക്ക് കേന്ദ്രസർക്കാർ മുൻഗണന നല്കണമെന്നു് സമ്മേളനം നിർദേശിച്ചു.

സംസ്ഥാനപ്രസിഡന്റായി അഡ്വ വിനോദ്‌ പയ്യടയെയും (കണ്ണൂർ) ജനറൽ സെക്രട്ടറിയായി എബി ജോൺ വൻനിലത്തെയും (എറണാകുളം) വീണ്ടും തെരഞ്ഞെടുത്ത സമ്മേളനം 21 സംസ്ഥാനസമിതിയംഗങ്ങളെയും തെരഞ്ഞെടുത്തു.

പഴയകാല സോഷ്യലിസ്റ്റ് നേതാക്കളായ ചിത്ത ഡേ, പി.കെ.ആണ്ടിയച്ചൻ, പി.ബി.ആർ പിള്ള, റാം ഇക്ബാൽ, വർസി, ആർ.കെ.നമ്പ്യാർ, എൻ.കെ.ഗംഗാധരൻ, പി.വിശ്വംഭരൻ, ജനാർദ്ദനൻ നമ്പൂതിരി, രവി റായ് എന്നിവരുടെ നിര്യാണത്തിൽ സമ്മേളനം അനുശോചിച്ചു.

പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാനപ്രസിഡന്റ്‌ അഡ്വ വിനോദ്‌ പയ്യട അദ്ധ്യക്ഷത വഹിച്ചു. സംഘടനാ റിപ്പോർട്ട്‌ ജനറൽ സെക്രട്ടറി എബി ജോൺ വൻനിലവും രാഷ്ട്രീയ പ്രമേയം സംസ്ഥാനവൈസ് പ്രസിഡന്റ്‌ എം എൻ തങ്കപ്പനും സാമൂഹിക പ്രമേയം അഡ്വ ജയിമോൻ തങ്കച്ചനും അവതരിപ്പിച്ചു. സുരേഷ്‌ നരിക്കുനി, എം എൻ തങ്കപ്പൻ, കുരുവിള ജോൺ , ഫ്രാൻസിസ്‌ ഞാളിയൻ, ജിജി ജോൺ ,ഷാജി മോൻ പി.കെ, ഡേവിഡ് രാജു, അഡ്വ കുതിരോട്ട് പ്രദീപൻ തോമസ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.

സമാജവാദി ജനപരിഷത്തിന്റെ പതിനൊന്നാമതു് ദേശീയ സമ്മേളനം 2017 ഏപ്രിൽ 29,30, മെയ് 1 തീയതികളിൽ പശ്ചിമ ബംഗാളിലെ ജടേശ്വറിൽ ചേരുന്നതിന്റെ മുന്നോടിയായാണു് കേരള സംസ്ഥാന പ്രതിനിധി സമ്മേളനം ചേർന്നത്.

2017/04/22

സമാജവാദി ജനപരിഷത്തിന്റെ പതിനൊന്നാം ദ്വൈവാർഷിക സംസ്ഥാന സമ്മേളനം ഏപ്രിൽ 23ന്


കൂത്താട്ടുകുളം -- സമാജവാദി ജനപരിഷത്തിന്റെ പതിനൊന്നാമതു് ദ്വൈവാർഷിക സംസ്ഥാന പ്രതിനിധി സമ്മേളനം 2017 ഏപ്രിൽ 23 ഞായറാഴ്ച കൂത്താട്ടുകുളത്ത് ഹൗസ്കോസ് ഓഡിറ്റോറിയത്തിൽ നടക്കും. ഈയിടെ അന്തരിച്ച സോഷ്യലിസ്റ്റ് നേതാവു് കെ.പി. ജനാർദ്ദനൻ നമ്പൂതിരിയുടെ പേരുനല്കിയിട്ടുള്ള സമ്മേളനനഗരിയിൽ രാവിലെ പത്തുമണിയ്ക്കു് ദേശീയ പ്രസിഡന്റ് ജോഷി ജേക്കബ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. അടുത്ത രണ്ടുവര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെയും സംസ്ഥാനസമിതിയെയും പ്രതിനിധിസമ്മേളനംതെരഞ്ഞെടുക്കും.

സമാജവാദി ജനപരിഷത്തിന്റെ പതിനൊന്നാമതു് ദേശീയ സമ്മേളനം 2017 ഏപ്രിൽ 29,30, മെയ് 1 തീയതികളിൽ പശ്ചിമ ബംഗാളിലെ ജടേശ്വറിൽ ചേരുന്നതിന്റെ മുന്നോടിയായാണു് സംസ്ഥാന പ്രതിനിധി സമ്മേളനം ചേരുന്നത്.

സമാജവാദി ജനപരിഷത്തിന്റെ പതിനൊന്നാം ദ്വൈവാർഷിക സംസ്ഥാന സമ്മേളനം ഏപ്രിൽ 23ന് കൂത്താട്ടുകുളത്ത്


കൂത്താട്ടുകുളം -- സമാജവാദി ജനപരിഷത്തിന്റെ പതിനൊന്നാമതു് ദ്വൈവാർഷിക സംസ്ഥാന പ്രതിനിധി സമ്മേളനം 2017 ഏപ്രിൽ 23 ഞായറാഴ്ച കൂത്താട്ടുകുളത്ത് ഹൗസ്കോസ് ഓഡിറ്റോറിയത്തിൽ നടക്കും. ഈയിടെ അന്തരിച്ച സോഷ്യലിസ്റ്റ് നേതാവു് കെ.പി. ജനാർദ്ദനൻ നമ്പൂതിരിയുടെ പേരുനല്കിയിട്ടുള്ള സമ്മേളനനഗരിയിൽ രാവിലെ പത്തുമണിയ്ക്കു് ദേശീയ പ്രസിഡന്റ് ജോഷി ജേക്കബ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. അടുത്ത രണ്ടുവര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെയും സംസ്ഥാനസമിതിയെയും പ്രതിനിധിസമ്മേളനംതെരഞ്ഞെടുക്കും.

സമാജവാദി ജനപരിഷത്തിന്റെ പതിനൊന്നാമതു് ദേശീയ സമ്മേളനം 2017 ഏപ്രിൽ 29,30, മെയ് 1 തീയതികളിൽ പശ്ചിമ ബംഗാളിലെ ജടേശ്വറിൽ ചേരുന്നതിന്റെ മുന്നോടിയായാണു് സംസ്ഥാന പ്രതിനിധി സമ്മേളനം ചേരുന്നതെന്നു് സംസ്ഥാന ജനറൽ സെക്രട്ടറി എബി ജോൺ വൻനിലം അറിയിച്ചു.
സുപ്രഭാതം ദിനപത്രം 2017 ഏപ്രിൽ 21

2017/04/10

സമാജവാദി ജനപരിഷത്തിന്റെ പതിനൊന്നാം ദേശീയ ദ്വൈവാർഷികസമ്മേളനനഗരിയ്ക്കു് സഖാവ് ചിത്ത ഡേയുടെ പേരു്


സഖാവ് ചിത്ത ഡേ  Chitta Dey चित्त डे 1928-2015
സമാജവാദി ജനപരിഷത്തിന്റെ പതിനൊന്നാം ദേശീയ ദ്വൈവാർഷികസമ്മേളനം 2017 ഏപ്രിൽ 29,30, മെയ് 1 തീയതികളിൽ പശ്ചിമ ബംഗാളിലെ ജയ്പായിഗുഡി ജില്ലയിലെ ജടേശ്വറിൽ ചേരും. ബംഗാളിലെ ചായത്തോട്ടം തൊഴിലാളികളുടെ അനിഷേധ്യനായ നേതാവും സോഷ്യലിസ്റ്റും സമാജവാദി ജന പരിഷത്തിന്റെ ദേശീയ നേതാവുമായിരുന്ന സഖാവ് ചിത്ത ഡേയുടെ പേരിലുളള നഗരിയിലാണ് സമ്മേളനം നടക്കുക. എൺപത്തേഴാമത്തെവയസ്സിൽ 2015 ഡിസംബർ 28-ന് ജയ്പായിഗുഡിയിലാണു് സഖാവ് ചിത്ത ഡേ അന്തരിച്ചതു് .
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 500 ഓളം പ്രതിനിധികൾ പങ്കെടുക്കുമെന്നാണു് പ്രതീക്ഷിയ്ക്കുന്നതു്.


Veteran Socialist & Trade Union Leader Comrade Chitta Dey Passed Away