2010/01/29

ലാലൂര്‍ സമരം മുറുകുന്നു; സമരസഹായ സമിതി രൂപീകരിക്കുന്നു

തൃശൂര്‍: ലാലൂര്‍ സമരത്തിന്റെ രൂപവും ഭാവവും മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി ലാലൂര്‍ സമരസഹായ സമിതി രൂപീകരിക്കുന്നു. ഇതോടെ സമരം കൂടുതല്‍ ജനകീയമാകുമെന്നാണ്‌ കണക്കുകൂട്ടല്‍. ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ സെന്റ്‌ തോമസ്‌ കോളജില്‍ ചേരുന്ന കണ്‍വന്‍ഷനില്‍ സുകുമാര്‍ അഴീക്കോട്‌, സാറാജോസഫ്‌ എന്നിവര്‍ പങ്കെടുക്കും.

സമരം നഗരത്തിലേക്ക്‌ വ്യാപിപ്പിക്കുന്നതിനെക്കുറിച്ച്‌ ഗൗരവമായി ആലോചിക്കുന്നുണ്ട്‌. അനിശ്‌ചിതകാല നിരാഹാരസമരം നടത്തിയാല്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുമെന്നാണ്‌ കണക്കാക്കുന്നത്‌.

കഴിഞ്ഞ ദിവസങ്ങളില്‍ ലാലൂരില്‍ റിലേ സത്യഗ്രഹസമരത്തെ പിന്തുണച്ച്‌ ഒട്ടേറെ ജനകീയസംഘടനകള്‍ രംഗത്തെത്തിയിരുന്നു. സമരം കൂടുതല്‍ സജീവമാക്കണമെങ്കില്‍ നഗരമധ്യത്തിലേക്കു മാറ്റുന്നതു ഗുണം ചെയ്യുമെന്ന ചിന്തയുണ്ട്‌.

എന്നാല്‍ ലാലൂരിലെ പ്രശ്‌നമായതിനാല്‍ അവിടെനിന്നു സമരപ്പന്തല്‍ മാറ്റുന്നതു ശരിയാകുമോ എന്നും ചിന്തയുണ്ട്‌. ഇക്കാര്യങ്ങളില്‍ അവസാനതീരുമാനമായിട്ടില്ല. എന്നാല്‍ നിരാഹാരസമരം എന്നതിലേക്കാണ്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌. സമരം ഇത്രമാത്രം ശക്‌തമായിട്ടും കോര്‍പറേഷന്‍ അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. സി.പി.എം ഇതര സംഘടനകള്‍ സമരത്തെ അനുകൂലിക്കുന്ന സാഹചര്യമുണ്ടായിട്ടും നിഷേധാത്മക നയം തുടരുകയാണ്‌. സി.പി.ഐ പരസ്യമായി സമരപ്പന്തലിലെത്തിയിരുന്നു.

ഇതിനിടെ സമരസമിതിക്കാരെ ഭീഷണിപ്പെടുത്തി സി.പി.എം സമരം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമുണ്ട്‌. ഈയിടെ ബി.പി.എല്‍ ലിസ്‌റ്റില്‍നിന്ന്‌ 20 ലധികം പേരെയാണ്‌ സമരസമിതിയുമായി സഹകരിച്ചെന്ന പേരില്‍ വെട്ടിമാറ്റിയത്‌. ഇവരോട്‌ ലിസ്‌റ്റില്‍ തിരികെ കയറ്റണമെങ്കില്‍ സി.പി.എം ഓഫീസിലെത്താനും ആവശ്യപ്പെട്ടുവത്രെ. സ്‌ഥലം കൗണ്‍സിലറുടെ നേതൃത്വത്തിലാണ്‌ ഇതുസംബന്ധിച്ച്‌ ഗൂഢാലോചന നടന്നതെന്നും ആരോപിക്കുന്നു. സഹ.സംഘങ്ങളില്‍നിന്ന്‌ വായ്‌പയെടുത്തവരെയും ഭീഷണിപ്പെടുത്തി സമരസമിതിയുമായി വിട്ടുനില്‍ക്കാന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന്‌ പറയുന്നു.

ഇതേസമയം സി.പി.എം നേതൃത്വത്തില്‍ ലാലൂര്‍ ആക്ഷന്‍ കൗണ്‍സിലുണ്ടാക്കിയെങ്കിലും ക്ലച്ച്‌ പിടിച്ചില്ല. അതും സി.പി.എമ്മിന്‌ ക്ഷീണമുണ്ടാക്കി. ഈ സാഹചര്യങ്ങളില്‍ സമരം പെട്ടെന്ന്‌ ഒത്തുതീരാന്‍ സി.പി.എമ്മിന്‌ വലിയ താത്‌പര്യമില്ല. എന്നാല്‍ സ്വന്തം നിലപാടുകള്‍ക്ക്‌ അംഗീകാരമില്ലാതെ പോകുന്നത്‌ പാര്‍ട്ടിയെ അസ്വസ്‌ഥമാക്കുന്നുമുണ്ട്‌.

ഇതിനിടെ കോര്‍പറേഷന്റെ നിലപാടുകളിലെ വൈരുധ്യം തുറന്നുകാട്ടുന്ന പ്രചാരണം വ്യാപിപ്പിക്കാനും സമരസമിതി തന്ത്രം മെനയുന്നുണ്ട്‌. ലാലൂരില്‍ മാലിന്യങ്ങള്‍ കൊണ്ടിടുന്നതില്‍ കഴിഞ്ഞ നവംബര്‍ 19 മുതല്‍ നിയന്ത്രണമേര്‍പ്പെടുത്തിയെന്നാണ്‌ കോര്‍പറേഷന്‍ കോടതിയില്‍ നല്‍കിയ രേഖകളിലുള്ളത്‌. ഇതനുസരിച്ച്‌ മാലിന്യങ്ങള്‍ പ്രഭവകേന്ദ്രത്തില്‍ (വീടുകള്‍) വെച്ചുതന്നെ തരംതിരിക്കുന്നതായാണ്‌ പറയുന്നത്‌. ഇങ്ങനെ മാലിന്യങ്ങള്‍ തരംതിരിക്കാന്‍ രണ്ടുതരം ബക്കറ്റുകള്‍ നല്‍കുമെന്നു പറയുന്നതല്ലാതെ ഇതുവരെയും ഇക്കാര്യം നടപ്പാക്കിയിട്ടില്ല. അതിനാല്‍ ഈയൊരൊറ്റ കാര്യം ബോധ്യപ്പെടുത്തി കോടതിയലക്ഷ്യ നടപടിപ്രകാരം കേസെടുക്കാന്‍ കഴിയുമെന്നും വിലയിരുത്തുന്നു. ഹൈക്കോടതിയില്‍ കേസ്‌ നടത്തുന്ന അഭിഭാഷകനുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും.

ജൈവ, അജൈവ മാലിന്യശേഖരണം വീടുകളില്‍ നിന്നാരംഭിച്ചെന്ന്‌ വരുത്തിത്തീര്‍ത്ത്‌ കോടതിയെ തെറ്റിധരിപ്പിക്കാനുളള നീക്കമായി ഇതിനെ സമരസമിതി വിശേഷിപ്പിക്കുന്നു. മാലിന്യമല ലാലൂരില്‍നിന്നു പൂര്‍ണമായും മാറ്റുമെന്ന കോര്‍പറേഷന്‍ നിലപാടും വിശ്വസിക്കാനാകില്ലെന്നാണ്‌ ചൂണ്ടിക്കാട്ടുന്നത്‌. ഇക്കാര്യങ്ങളില്‍ കൂടുതല്‍ പ്രചാരണം നടത്തുന്നത്‌ ഗുണകരമാകുമെന്നാണ്‌ കണക്കുകൂട്ടല്‍. കോടതിയലക്ഷ്യത്തിനു കേസെടുക്കുന്ന സ്‌ഥിതിയുണ്ടായാല്‍ ഭരണകൂടത്തിന്റെ ഇരട്ടത്താപ്പുസ്വഭാവവും പുറത്തുകൊണ്ടുവരാനാകുമെന്ന്‌ സമരനേതാക്കള്‍ പറയുന്നു. മാലിന്യമല നീക്കുമെന്ന്‌ പൊതുജനമധ്യത്തില്‍ പറയുകയും കോടതിയില്‍ മാലിന്യമലയുടെ ക്യാപ്പിംഗിനുള്ള വഴികള്‍ തേടുകയുമാണ്‌ കോര്‍പറേഷനെന്നും ആരോപണമുണ്ട്‌.

കടപ്പാടു് മംഗളം
.

2010/01/26

ലാലൂര്‍: പൊതുചര്‍ച്ചക്ക്‌ എ.ഡി.ബി. വിലക്ക്‌

തൃശൂര്‍, ‍ജനുവരി 25 : ലാലൂര്‍ മാലിന്യ പ്രശ്‌നത്തില്‍ ജനകീയ മോണിറ്ററിങ്ങ്‌ കമ്മിറ്റി രൂപീകരിക്കാത്തത്‌ എ.ഡി.ബി. പദ്ധതികള്‍ പൊതുചര്‍ച്ചക്ക്‌ വിധേയമാക്കരുതെന്ന വിലക്ക്‌ മൂലമാണെന്ന്‌ കോര്‍പറേഷന്‍ കോണ്‍. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി രാജന്‍ പല്ലന്‍ കുറ്റപ്പെടുത്തി. മാലിന്യനിര്‍മാര്‍ജനം, പൈപ്പിടല്‍, സ്വരാജ്‌ റൗണ്ട്‌ നവീകരണം, ദാരിദ്ര്യ നിര്‍മാര്‍ജനം, റോഡ്‌-കാന വികസനം, വെള്ളക്കെട്ട്‌ നിവാരണം തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും വിവാദമായിട്ടും ഒരു തലത്തിലുള്ള പൊതുചര്‍ച്ചകള്‍ക്കും വിധേയമാക്കാതെ എ.ഡി.ബി. കരാര്‍ നിര്‍ദേശിക്കുന്നതുപോലെ പദ്ധതി നടപ്പാക്കുന്ന സമീപനമാണ്‌ സ്വീകരിച്ചത്‌.

ലാലൂര്‍ പ്രശ്‌നത്തില്‍ മോണിറ്ററിങ്ങ്‌ കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യം സര്‍വകക്ഷി യോഗത്തില്‍ സി.പി.എം. ജില്ലാ സെക്രട്ടറി ബേബി ജോണാണ്‌ ഉന്നയിച്ചത്‌.

യു.ഡി.എഫ്‌. ഭരണത്തില്‍ ലാലൂരില്‍ എയ്‌റോബിക്‌ മാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കാന്‍ ഉപദേശം നല്‍കിയത്‌ സി.പി.എം. സഹയാത്രികരായ ഡോ. ആര്‍.വി.ജി. മേനോന്‍, ഡോ. വി.ആര്‍. രഘുനന്ദനന്‍, പ്രൊഫ. വി.കെ. ശശികുമാര്‍, ഡോ.വി.എ. സുധാകരന്‍, ഡോ. ആര്‍. ജയചന്ദ്രന്‍ എന്നിവരാണ്‌. എ.ഡി.ബി. ക്കാര്‍ക്കുവേണ്ടിയുള്ള ദുശാഠ്യങ്ങള്‍ വെടിഞ്ഞ്‌ എ.ഡി.ബി. യുടെ ലാലൂര്‍ പദ്ധതികള്‍ സംബന്ധിച്ച്‌ ഇവരുമായെങ്കിലും ചര്‍ച്ച ചെയ്യാനുള്ള വകതിരിവ്‌ മേയര്‍ പ്രകടിപ്പിക്കണം.

കടപ്പാടു് : മംഗളം പത്രം

2010/01/25

ഫെര്‍ണാണ്ടസിന്‍റെ സ്വത്തു് പാവങ്ങളെ സഹായിക്കാന്‍ ഉപയോഗിക്കണമെന്ന്

ബംഗളൂരു
ജോര്‍ജ് ഫെര്‍ണാണ്ടസിന്‍റെ സ്വത്തു പാവങ്ങളെ സഹായിക്കാന്‍ ഉപയോഗിക്കണമെന്ന് ഫെര്‍ണാണ്ടസിന്‍റെ സഹോദരന്മാര്‍ ആവശ്യപ്പെട്ടു.
മൈക്കല്‍, അലോഷ്യസ്, റിച്ചാര്‍ഡ് എന്നിവരാണു് ഫെര്‍ണാണ്ടസിന്‍റെ ഭാര്യ ലൈല കബീറിനെയും മകനെയും പ്രതിസന്ധിയിലാക്കുന്ന ആവശ്യവുമായി പത്രസമ്മേളനം നടത്തിയത്.

“ബംഗളൂരിനു സമീപം നീലമംഗലയിലെ വസ്തു വില്‍ക്കണമെന്നും കിട്ടുന്ന തുകകൊണ്ടു തന്‍റെ പേരില്‍ ട്രസ്റ്റ് രൂപവത്കരിക്കണമെന്നുമായിരുന്നു ജോര്‍ജിന്‍റെ ആഗ്രഹം. ടൊറന്‍റോയില്‍ വൈദ്യ പരിശോധനയ്ക്കു പോയപ്പോള്‍ അദ്ദേഹം ഇക്കാര്യം ഞങ്ങളോടു ചര്‍ച്ച ചെയ്തിരുന്നു. ട്രസ്റ്റിന്‍റെ ഗുണഭോക്താക്കള്‍ ആരൊക്കെയെന്നുപോലും രൂപരേഖയുണ്ടാക്കി.പക്ഷേ, അദ്ദേഹത്തിന്‍റെ ആരോഗ്യനില പെട്ടെന്നു വഷളായി. ഭാര്യയും മക്കളും സംരക്ഷണമേറ്റെടുത്തു. ഇതോടെ എല്ലാം തകിടംമറിഞ്ഞു’’- മൈക്കല്‍ പറഞ്ഞു. തന്‍റെ ഭൂമിയില്‍ ഒരു പഠന ഗവേഷണ കേന്ദ്രം തുടങ്ങണമെന്നും ജോര്‍ജ് ആഗ്രഹിച്ചിരുന്നു. ഞങ്ങളെ ഏല്‍പ്പിച്ചതാണ് എല്ലാം. എന്നാല്‍, ഇക്കാര്യത്തില്‍ നിയമനടപടിക്കു താത്പര്യമില്ല. സമവായമുണ്ടായാല്‍ നന്ന്. എല്ലാ കാര്യങ്ങളും ജോര്‍ജുമായി ആലോചിച്ചേ ചെയ്യൂ- മൈക്കല്‍ കൂട്ടിച്ചേര്‍ത്തു.

ട്രസ്റ്റ് രൂപവത്കരണമെന്ന ആവശ്യത്തെക്കുറിച്ചു ലൈലയും മകന്‍ സീനും പ്രതികരിച്ചിട്ടില്ല. ഇക്കാര്യം തള്ളിക്കളയാന്‍ അവര്‍ക്കു കഴിയില്ലെന്ന വിലയിരുത്തലിലാണു ഫെര്‍ണാണ്ടസിന്‍റെ സഹോദരന്മാര്‍. ആവശ്യം തള്ളിയാല്‍ ഫെര്‍ണാണ്ടസെന്ന ജനനേതാവിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനു തുല്യമാകും അത്. ട്രസ്റ്റ് രൂപവത്കരിച്ചാല്‍ അതിന്‍റെ നിയന്ത്രണം കൈവിട്ടുപോകാമെന്നതും ലൈലയെയും മകന്‍ സീനെയും കുഴയ്ക്കുന്നു.

2010/01/22

ജ്‌ഞാനേശ്വര്‍ മിശ്ര അന്തരിച്ചു


അലഹബാദ്‌ ജനുവരി 22: സമാജവാദി പാര്‍ട്ടി നേതാവും മുന്‍ പെട്രോളിയം മന്ത്രിയുമായ രാജ്യസഭാംഗം ജ്‌ഞാനേശ്വര്‍ മിശ്ര (77) ഹൃദയാഘാതത്തെ തുടര്‍ന്ന്‌ അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങള്‍ക്കു ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. അലഹബാദിലെ ടിബി സാപ്രു ആശുപത്രിയിലായിരുന്നു അന്ത്യം. സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ മുലായംസിങ്‌ യാദവിന്റെ അടുത്ത സഹപ്രവര്‍‍ത്തകനായ മിശ്ര പാര്‍ട്ടിയുടെ സ്‌ഥാപക നേതാക്കളില്‍ ഒരാളായിരുന്നു.

2010/01/21

ജോര്‍ജ് ഫെര്‍ണാണ്ടസിന് ഗുരു രാംദേവിന്റെ ആശ്രമത്തില്‍ ചികില്‍സ

ഹരിദ്വാര്‍, ജനുവരി 19: അല്‍ഷൈമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് രോഗം എന്നിവക്ക് ചികില്‍സക്കായി മുന്‍ പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിനെ യോഗ ആചാര്യന്‍ രാംദേവിന്റെ ആശ്രമത്തില്‍ പ്രവേശിപ്പിച്ചുവെന്നു് പി റ്റി ഐ റിപ്പോര്‍ട്ടുചെയ്തു. 79 കാരനായ ഫെര്‍ണാണ്ടസിനെ ചൊല്ലി ഭാര്യ ലൈലാ കബീറും മകന്‍ സീനും ഒരുവശത്തും സഹചാരിണി ജയാ ജയ്റ്റ്‌ലിയും ഫെര്‍ണാണ്ടസിന്റെ സഹോദരങ്ങള്‍ മറുവശത്തുമായി രൂക്ഷമായ തര്‍ക്കം തുടരുന്നതിനിടെയാണ് അദ്ദേഹത്തെ ആയുര്‍വേദ ചികില്‍സക്കായി ആശ്രമത്തില്‍ പ്രവേശിപ്പിച്ചത്. ഭാര്യ ലൈലയും അമേരിക്കയില്‍ നിന്ന് കഴിഞ്ഞ ദിവസം എത്തിയ മകനും ചേര്‍ന്നാണ് മുന്‍ സോഷ്യലിസ്റ്റ് നേതാവിനെ ചികില്‍സക്കായി ദല്‍ഹിയില്‍നിന്ന് ഹരിദ്വാറിലെ ആശ്രമത്തില്‍ എത്തിച്ചത്.

ഡിസംബര്‍ ഏഴുമുതല്‍ ദല്‍ഹിയിലെ ആശുപത്രിയില്‍ ചികില്‍സയിലുള്ള ഫെര്‍ണാണ്ടസിനെ സന്ദര്‍ശിക്കാന്‍ ജയ ജയ്റ്റ്‌ലിയെയും ഒപ്പമുള്ളവരെയും ഭാര്യയും മകനും അനുവദിച്ചിട്ടില്ല. ഫെര്‍ണാണ്ടസിന്റെ അവശേഷിക്കുന്ന ചുരുക്കം വരുന്ന സ്വത്ത് തട്ടിയെടുക്കാന്‍ തങ്ങള്‍ക്ക് നേരെ അക്രമം നടക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഭാര്യയും മകനും പൊലീസ് സംരക്ഷണവും തേടിയിട്ടുണ്ട്.

ദേശീയപാത വികസനത്തിനു പിന്നില്‍ നിക്ഷിപ്തതാല്‍പര്യം


കോഴിക്കോട്‌: പതിനായിരക്കണക്കിനു കുടുംബങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ട്‌ ദേശീയപാത-17 ബി.ഒ.ടി. അടിസ്ഥാനത്തില്‍ വികസിപ്പിക്കുന്നത്‌ കോടികളുടെ അഴിമതി നടത്താനാണെന്ന്‌ എഴുത്തുകാരി സാറാ ജോസഫ്‌ പറഞ്ഞു. ജനുവരി 19-നു് എന്‍.എച്ച്‌-17 ആക്ഷന്‍ കമ്മിറ്റിയുടെ സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അവര്‍.

സ്വന്തം പുരയിടങ്ങളില്‍ നിന്നും കൃഷിസ്ഥലത്തുനിന്നും ഒട്ടേറെ കുടുംബങ്ങളെ വലിച്ചെറിയാനാണ്‌ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ശ്രമിക്കുന്നത്‌. 45 മീറ്റര്‍ വീതിയില്‍ ബി.ഒ.ടി. അടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന റോഡിലൂടെ ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്കും ദരിദ്രര്‍ക്കും യാത്ര ചെയ്യാനാവില്ല. ചെറുവിഭാഗത്തിനു മാത്രമേ ചുങ്കം നല്‍കി ഈ റോഡിലൂടെ സഞ്ചരിക്കാനാവൂ. ജനപക്ഷത്തുനിന്ന്‌ തീരുമാനം എടുക്കേണ്ട സര്‍ക്കാര്‍ ബുദ്ധിയോ വിവേകമോ ഇല്ലാതെ വികലമായ നടപടി സ്വീകരിക്കുന്നത്‌ അഴിമതി ലക്ഷ്യമിട്ടാണ്‌.

കാസര്‍കോട്‌ മുതല്‍ ഇടപ്പള്ളി വരെയുള്ള പാത നാലുവരിയാക്കാന്‍ പൊതുമരാമത്ത്‌ 2008-എസ്റ്റിമേറ്റ്‌ തയ്യാറാക്കിയപ്പോള്‍ ചെലവ്‌ നിശ്ചയിച്ചത്‌ 2800 കോടി രൂപയാണ്‌. ഇപ്പോള്‍ ഇതേ പാത ബി.ഒ.ടി.യില്‍ നിര്‍മിക്കാന്‍ ചെലവ്‌ കണക്കാക്കിയത്‌ 8000 കോടി രൂപയും. ഇതിന്റെ 40 ശതമാനം തുക കേന്ദ്രസര്‍ക്കാര്‍ കരാറുകാരന്‌ മുന്‍കൂറായി നല്‍കണം. ഭൂമിയും ഏറ്റെടുത്തു നല്‍കണം. റോഡ്‌ നിര്‍മിച്ചാല്‍ 30 വര്‍ഷം കരാറുകാരന്‍ ചുങ്കം പിരിക്കും. ഫലത്തില്‍ ഈ ഇടപാടില്‍ കോടിക്കണക്കിനു രൂപയുടെ അഴിമതിയാണ്‌ നടക്കുന്നത്‌. ദേശീയപാത 17 മാത്രമല്ല രാജ്യത്തെ പല പാതകളും ഇതുപോലെ നവീകരിക്കുന്നുണ്ട്‌. റോഡ്‌ നിര്‍മാണ വ്യവസായത്തിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പൊതു ഖജനാവ്‌ വെട്ടിക്കുകയാണ്‌ -സാറാ ജോസഫ്‌ പറഞ്ഞു.

ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ ഇ.വി. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. കുട്ടി അഹമ്മദ്‌കുട്ടി എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. സി.ആര്‍.നീലകണുന്‍, ഡോ. വി. വേണുഗോപാല്‍, ഡോ. ഡി. സുരേന്ദ്രനാഥ്‌, ശശി തരിപ്പയില്‍, ടി.പി.ചന്ദ്രശേഖരന്‍, റസാഖ്‌ പാലേരി, ജി.എസ്‌.പത്മകുമാര്‍, വി.കെ.പി.മുഹമ്മദ്‌ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കണ്‍വീനര്‍ എ.ശേഖര്‍ സ്വാഗതം പറഞ്ഞു.

കടപ്പാടു് മാതൃഭൂമി
.

ലാലൂര്‍ സമരം 38-ആം ദിനം പിന്നിട്ടു

തൃശൂര്‍: ലാലൂര്‍ മലിനീകരണ വിരുദ്ധ സമരസമിതിയുടെ അനിശ്‌ചിതകാല നിരാഹാര സമരം 38-ാം ദിവസം പിന്നിട്ടു.

സോഷ്യല്‍ എക്കണോമിക്‌സ് ആന്‍ഡ്‌ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ്‌ തൃശൂര്‍ (സെക്യുലര്‍) ജോ. സെക്രട്ടറി പി. എസ്‌. മോഹന്‍ദാസാണ്‌ ഇന്നലെ നിരാഹാരമനുഷ്‌ഠിച്ചത്‌. ഡോ.എം. അരവിന്ദാക്ഷന്‍ (മുന്‍ നാളികേര വികസന ബോര്‍ഡ്‌ ചെയര്‍മാന്‍) ഉദ്‌ഘാടനം നിര്‍വഹിച്ചു. എം.പി. നാരായണന്‍കുട്ടി, ജെയിംസ്‌ മുട്ടിക്കല്‍, കെ.ജി. ഉണ്ണികൃഷ്‌ണന്‍, അഡ്വ. രഘുനാഥ്‌ കഴുങ്കില്‍, സി.പി. ജോസ്‌ പ്രസംഗിച്ചു. ടി.കെ. വാസു അധ്യക്ഷത വഹിച്ചു. തൃശൂര്‍ പി.ജി. സെന്ററിലെ അധ്യാപകരും വിദ്യാര്‍ഥികളും സമരപ്പന്തല്‍ സന്ദര്‍ശിച്ച്‌ അഭിവാദ്യം അര്‍പ്പിച്ചു. അധ്യാപകന്‍ രഞ്‌ജിത്ത്‌, വിദ്യാര്‍ഥികളായ മില്‍ട്ടന്‍, ഹക്കിം, നീരജ പ്രസംഗിച്ചു.

ഇന്ന്‌ (ജനുവരി 21) നിരാഹാരം അനുഷ്‌ഠിക്കുന്നത്‌ സോബി മുണ്ടൂരാണ്‌. ജയന്‍ പട്ടത്ത്‌ ഇന്ന്‌ രാവിലെ ലാലൂരില്‍നിന്ന്‌ ശേഖരിക്കുന്ന മാലിന്യകിറ്റുകളുമായി മോട്ടോര്‍സൈക്കിളില്‍ റൗണ്ട്‌ പ്രദക്ഷിണം നടത്തും. സമരപ്പന്തലില്‍നിന്നാണ്‌ മോട്ടോര്‍ സൈക്കിള്‍ യാത്ര ആരംഭിക്കുന്നത്‌. എയ്‌ഡ്സ്‌ ആന്‍ഡ്‌ എയ്‌ഡ് സെന്റര്‍ പ്രവര്‍ത്തകനാണ്‌.
.

ലാലൂര്‍ സമരത്തിന്റെ മുഖം മാറുന്നു; 31ന്‌ സമരസഹായസമിതിയുണ്ടാക്കും

തൃശൂര്‍: ലാലൂര്‍ സമരത്തിന്റെ മുഖം മാറുന്നു. 31ന് വിപുലമായ ജനകീയ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്ത് സമരസഹായസമിതിയുണ്ടാക്കും.

സമരത്തിന്റെ രൂപം മാറ്റുന്നതിനെക്കുറിച്ച് ജനകീയ കണ്‍വെന്‍ഷനില്‍ തീരുമാനിക്കും. ഡോ. സുകുമാര്‍ അഴീക്കോട്‌, സാറാ ജോസഫ്‌ തുടങ്ങി സമരപ്പന്തലില്‍ സന്ദര്‍ശനം നടത്തിയ സാംസ്‌കാരിക നായകരെയും സമരത്തോട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച സംഘടനകളെയും അണിനിരത്തിയാണ്‌ സമരസമിതിക്കു രൂപംനല്‍കുക.

സമരം അടുത്ത മാസം ആദ്യത്തോടെ 50 ദിവസം പിന്നിടും. സമരം ശക്‌തമാക്കുന്നതിനോടനുബന്ധിച്ച്‌ കോര്‍പറേഷന്‍ ഓഫീസിനു പരിസരത്തേക്ക്‌ മാറ്റണമെന്ന നിര്‍ദേശമുണ്ട്‌. നഗരത്തില്‍ അനിശ്‌ചിതകാല സത്യഗ്രഹം നടത്തുന്നതിനെക്കുറിച്ചും പരിഗണിക്കുന്നുണ്ട്‌. സമരസമിതി രൂപീകരണത്തിനു മുമ്പ്‌ അന്തിമ തീരുമാനമെടുക്കും. ഇക്കാലമായിട്ടും കോര്‍പറേഷന്‍ അനങ്ങാപ്പാറ നയം തുടരുകയാണെന്ന്‌ സമരസമിതി കുറ്റപ്പെടുത്തുന്നു.

മാലിന്യ സംസ്‌കരണത്തിന്‌ അനുയോജ്യമായ ഒരു പ്രവര്‍ത്തനവും കോര്‍പറേഷന്‍ ഇതുവരെ നടത്തിയിട്ടില്ലെന്ന്‌ സമരസമിതി ചൂണ്ടിക്കാട്ടുന്നു. എന്‍ജിനീയേഴ്‌സ് ലാന്‍ഡ്‌ ഫില്ലിംഗ്‌ എന്ന ദുരൂഹമായ ആശയം അപ്രായോഗികമാണെന്നും അനുവദിക്കില്ലെന്നും വ്യക്‌തമാക്കി.

സമരസമിതിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നവരെ സി.പി.എം. സര്‍വനിലയിലും ഭീഷണിപ്പെടുത്തുകയാണെന്ന്‌ സമരസമിതി ആരോപിച്ചു. വാടകയ്‌ക്കു താമസിക്കുന്നവരെ വീടുകളില്‍നിന്ന്‌ ഇറക്കിവിടുമെന്നാണ്‌ ഭീഷണി. വായ്‌പയെടുത്ത സമരസമിതിക്കാരോട്‌ അതും ഉടനെ തിരിച്ചടയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടും സമ്മര്‍ദം ചെലുത്തുന്നുണ്ട്‌. സമരസമിതിപ്പന്തലില്‍ എത്തിയ നാട്ടുകാരിയോട്‌ സി.പി.എമ്മിന്റെ ഒരു ജനപ്രതിനിധി നിന്നെ കണ്ടോളാം എന്നാണ്‌ മുന്നറിയിപ്പ്‌ നല്‍കിയത്‌. എല്ലാം ചെയ്‌തുതന്നിട്ടും പന്തലില്‍ചെന്ന്‌ ഇരിക്കുകയാണല്ലേ? എന്നു ചോദിച്ചുവത്രേ. വളരെ മോശമായ വിധത്തിലാണ്‌ സമരത്തെ അനുകൂലിക്കുന്നവര്‍ക്കെതിരേ നടത്തിക്കൊണ്ടിരിക്കുന്നതെന്ന്‌ സമരസമിതി പറഞ്ഞു.

ലാലൂരുകാര്‍ക്ക് മാലിന്യപ്രശ്‌നമൊന്നുമില്ലെന്ന് ലാലൂര്‍ നിവാസിയുടേതെന്നു പറഞ്ഞ് ഡോ. സുകുമാര്‍ അഴീക്കോടിനും മറ്റും അയച്ച കത്ത് ലാലൂരുകാരെ പ്രകോപിതരാക്കിയിട്ടുണ്ട്. ഈ കത്തിന്റെ കോപ്പികള്‍ ലാലൂരിലെ എല്ലാ വീടുകളിലും എത്തിച്ച് പ്രതികരണമാരായാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.

സമരസമിതി പന്തല്‍ സന്ദര്‍ശിച്ച ഡോ. സുകുമാര്‍ അഴീക്കോടിനു കത്തെഴുതിയത്‌ പ്രാദേശിക സി.പി.എം. പ്രവര്‍ത്തകനാണെന്ന്‌ സൂചനയുണ്ടെന്നു് മംഗളം ദിനപത്രം റിപ്പോര്‍‍ട്ടുചെയ്തു. ലാലൂര്‍ ട്രഞ്ചിംഗ്‌ ഗ്രൗണ്ടിന്‌ തൊട്ടടുത്ത്‌ ചെറിയ വില കൊടുത്തും ഭൂമി വാങ്ങുമ്പോള്‍ ആലോചിക്കണമായിരുന്നുവെന്നും സമരസമിതിക്കാര്‍ ക്ഷണിക്കുമ്പോള്‍ കാര്യമായി പഠിക്കാതെ പന്തലില്‍ചെന്ന്‌ പ്രസംഗിച്ച്‌ കോര്‍പറേഷനെയും മേയറെയും പഴിചാരുന്നതും ശരിയല്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോള്‍ ഉള്ള മതിപ്പും ബഹുമാനവും വിലയും കളയാതെ നോക്കിയാല്‍ നന്നെന്ന്‌ ഡോ. അഴീക്കോടിനെ ഓര്‍മിപ്പിച്ചിട്ടുമുണ്ട്‌.

ട്രഞ്ചിംഗ്‌ ഗ്രൗണ്ടിനടുത്തുനിന്ന്‌ പരമാവധി 200 മീറ്ററെങ്കിലും മാറിയേ താമസാവശ്യത്തിന്‌ വീടുകള്‍ നിര്‍മിക്കാവൂ എന്ന നിയമം കാറ്റില്‍പ്പറത്തി വീടുനിര്‍മിക്കാന്‍ അനുമതി നല്‍കിയത്‌ ആരെന്ന കാര്യം അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. മാലിന്യം ഗ്രൗണ്ടില്‍ നിക്ഷേപിക്കുന്നത്‌ അറിഞ്ഞിട്ടല്ലേ സ്‌ഥലം വാങ്ങിയതെന്നും വീട്‌ പണിതതെന്നും തുറന്ന കത്തില്‍ ചോദിച്ചിട്ടുണ്ട്‌.
.

2010/01/20

ലാലൂരില്‍ റിലേ നിരാഹാരം 31 വരെ തുടരും

തൃശ്ശൂര്‍: ലാലൂരുകാര്‍ ജനവരി 31വരെ റിലേ നിരാഹാരസമരം തുടരും. സമരത്തിന്റെ രൂപം മാറ്റുന്നതിനെക്കുറിച്ച് ജനകീയ കണ്‍വെന്‍ഷനില്‍ തീരുമാനിക്കും. 31ന് വിപുലമായ ജനകീയ കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്ത് സമരസഹായസമിതിയുണ്ടാക്കും.

റിലേ നിരാഹാരസമരം 37-ആം ദിവസം

റിലേ നിരാഹാരസമരം ജനുവരി 19 ചൊവ്വാഴ്ച 37 ദിവസം പിന്നിട്ടു. സെന്‍ട്രല്‍ ഗവ.എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ജെ. റാഫിയാണ് ചൊവ്വാഴ്ച നിരാഹാരമനുഷ്ഠിച്ചത്.

നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് ഉദ്ഘാടനം ചെയ്തു. കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ ആവോക്കാരന്‍, എഴുത്തച്ഛന്‍ സമാജം നേതാക്കളായ അഡ്വ. എം.എ.കൃഷ്ണനുണ്ണി, എ.കെ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ മാലിന്യനിര്‍മ്മാര്‍ജ്ജന സംസ്‌കാര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സമാജം പ്രവര്‍ത്തകര്‍ ഏറ്റുചൊല്ലി.

രാവിലെ ഒളരിക്കര ഇടവകക്കാര്‍ പ്രകടനമായെത്തി അഭിവാദ്യമര്‍പ്പിച്ചു. വികാരി ഫാ.പോള്‍ വട്ടക്കുഴി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വികാരി ഫാ.ജോണ്‍ തോട്ടത്തില്‍, എ.ഒ.സെബാസ്റ്റ്യന്‍, ലാലി ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.

സമരസമിതി ചെയര്‍മാന്‍ ടി.കെ.വാസു അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ അഡ്വ. രഘുനാഥ് കഴുങ്കില്‍ സ്വാഗതവും കണ്‍വീനര്‍ സി.പി.ജോസ് നന്ദിയും പറഞ്ഞു
അവലംബം മാതൃഭൂമി

2010/01/19

ലാലൂര്‍ സമരം 36 ദിവസം പിന്നിടുന്നു



തൃശ്ശിവപേരൂര്‍: ലാലൂര്‍ മലിനീകരണ വിരുദ്ധ സമരസമിതിയുടെ റിലേ നിരാഹാര സമരം 36 ദിവസം പിന്നിട്ടു.

36-ആം ദിവസമായ ഇന്നലെ സമരസമിതിയുടെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗം കെ.കെ. ഓമന നിരാഹാരം കിടന്നു. ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്‌ കെ.എഫ്‌. പാപ്പച്ചന്‍ ഉദ്‌ഘാടനംചെയ്‌തു. നിരാഹാരം അനുഷ്‌ഠിച്ച ബാബുവിന്‌ സമരസമിതി ചെയര്‍മാന്‍ ടി.കെ. വാസു നാരങ്ങാനീര്‌ നല്‍കി അവസാനിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിഭാഗം പ്രസിഡന്റ്‌ ലാലി ജെയിംസ്‌, കെ.കെ. തോമസ്‌, ഇ.ഡി. ബേബി, രഘുനാഥ്‌ കഴുങ്കില്‍, സി.പി. ജോസ്‌ എന്നിവര്‍ പ്രസംഗിച്ചു.

ഇന്ന്‌ കെ.ജെ. റാഫി (ഏജീസ്‌ ഓഫീസ്‌), സെന്‍ട്രല്‍ ഗവണ്‍മെന്റ്‌ എംപ്ലോയീസ്‌ കോണ്‍ഫെഡറേഷന്‍ സ്‌റ്റേറ്റ്‌ പ്രസിഡന്റ്‌, ഒളരി പള്ളി ഇടവകാംഗങ്ങളും നിരാഹാരം അനുഷ്‌ഠിക്കും. ബാലചന്ദ്രന്‍ വടക്കേടത്ത്‌ ഉദ്‌ഘാടനംചെയ്യും. അഖില കേരള എഴുത്തച്‌ഛന്‍ സമാജം യൂത്തുവിങ് പന്തലില്‍ എത്തി അഭിവാദ്യം അര്‍പ്പിക്കും.

ചിത്രവിവരണം - ലാലൂര്‍ മലിനീകരണ വിരുദ്ധ സമരസമിതിയുടെ റിലേ നിരാഹാര സമരം 2009 ഡിസംബര്‍ 14-നു് പ്രഫ. സാറാ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.കടപ്പാടു് - മെട്രോ വാര്‍ത്ത

2010/01/18

ലാലൂര്‍ നിരാഹാരം 35 ദിവസം പിന്നിട്ടു

തൃശൂര്‍: ലാലൂര്‍ മലിനീകരണ വിരുദ്ധ സമര സമിതിയുടെ റിലേ നിരാഹാരം 35 ദിവസം പിന്നിട്ടു. ലാലൂര്‍ അസീസി നഗര്‍ റസിഡന്റ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ബാബു ഇന്നലെ നിരാഹാരം അനുഷ്‌ഠിച്ചു. അരണാട്ടുകര കെസിവൈഎം പ്രവര്‍ത്തകരായ പ്രിന്‍സ്‌ കാഞ്ഞിരത്തിങ്കല്‍, ടോം ആന്റണി, എബിന്‍ ജോസ്‌ നീലങ്കാവില്‍, നെവിന്‍ ബേബി മാളിയേക്കല്‍, മിഷോയ്‌ തോമസ്‌, നവീന്‍ ജോര്‍ജ്‌, പോള്‍ ജോണ്‍സണ്‍, ഡില്ലോ ഡേവിസ്‌ എന്നിവര്‍ അനുഭാവ ഉപവാസം അനുഷ്‌ഠിച്ചു. ഫാ. ജസ്‌റ്റിന്‍ തടത്തില്‍ ഉദ്‌ഘാടനം ചെയ്‌തു.

കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഫ്രാന്‍സിസ്‌ തേറാട്ടില്‍, ഫാ. ബിനോയ്‌ നിലയാറ്റിങ്കല്‍, സി.ആര്‍. ഡേവിസ്‌, തോജു നെല്ലിശേരി, കെ.ജി. ഉണ്ണിക്കൃഷ്‌ണന്‍, സി.പി. ജോസ്‌ എന്നിവര്‍ പ്രസംഗിച്ചു. ടി.കെ. വാസു അധ്യക്ഷത വഹിച്ചു. ഇന്ന്‌ സമര സമിതി എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗം കെ.കെ. ഓമന നിരാഹാരം അനുഷ്‌ഠിച്ചു.

അനിശ്ചിതകാല നിരാഹാര സമരത്തിന്റെ തുടക്കം

ലാലൂര്‍ ട്രഞ്ചിങ് ഗ്രൗണ്ടില്‍ ഹൈക്കോടതി വിധി ലംഘിച്ചു മാലിന്യം നിക്ഷേപിക്കുന്നുവെന്നാരോപിച്ചു ലാലൂര്‍ മലിനീകരണ വിരുദ്ധ സമിതി ഡിസംബര്‍ 14നാണു് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയതു്. 21 ഡിവിഷനുകള്‍ക്കു പുറമേയുള്ള മാലിന്യം ലാലൂരില്‍ നിക്ഷേപിക്കുന്നതിനെതിരേയും അഞ്ചു കോടി ചെല വഴിച്ചു ലാലൂര്‍ ട്രഞ്ചിങ് ഗ്രൗണ്ടില്‍ നടത്തിക്കൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുമാണു നിരാഹാര സമരം.

ആദ്യ ദിവസമായ ഡിസംബര്‍ 14നു് സുനില്‍ ലാലൂരാണു് നിരാഹാര സമരത്തില്‍ പങ്കെടുത്തത്. 24 മണിക്കൂറാണു സമരം.

കോടതി വിധി പോലും ലംഘിച്ചു പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കുന്ന മേയര്‍ രാജി വയ്ക്കണമെന്നു് എഴുത്തുകാരിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സാറാ ജോസഫ് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പറയുകയുണ്ടായി. ലാലൂര്‍ കോംപൗണ്ട് കെട്ടിത്തിരിക്കാന്‍ ആരെങ്കിലും മുന്നോട്ടു വന്നാല്‍ മുന്‍പില്‍ താന്‍ നില്‍ക്കുമെന്നും സാറാ ജോസഫ് പറഞ്ഞു.

മാലിന്യ വിരുദ്ധ സമിതി ചെയര്‍മാന്‍ ടി.കെ. വാസു അധ്യക്ഷനായിരുന്നു. കെഎഫ്ആര്‍എ ശാസ്ത്രജ്ഞനും പരിസ്ഥി തി പ്രവര്‍ത്തകനുമായ ഡോ. ശങ്കര്‍, ഡോ. ബാബു, കെ.വി. അബ്ദുല്‍ അസീസ്, ടി.എല്‍. ജോര്‍ജ്, എം.ജി. പുഷ്പാംഗദന്‍, ബിജോയ് ബാബു തുടങ്ങിയവര്‍ അഭിവാദ്യങ്ങള്‍പ്പിച്ചു സംസാരിച്ചു. സമരസമിതി വൈസ് ചെയര്‍മാര്‍ സ്വാഗതവും കണ്‍വീനര്‍ ടി.പി. ജോസ് നന്ദിയും പറഞ്ഞു.
.

2010/01/16

ഫെര്‍ണാണ്ടസ് കലഹത്തിന് നടുവില്‍

മാധ്യമം റിപ്പോര്‍‍ട്ട്

നവദില്ലി: കാല്‍ നൂറ്റാണ്ടു മുമ്പ് പിണങ്ങിപ്പിരിഞ്ഞ ഭാര്യ മകനെയും കൂട്ടി തിരിച്ചുവന്നപ്പോള്‍ ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ മുഖത്ത് നിര്‍വികാരതയാണ്. ചിരിക്കാനോ ദേഷ്യപ്പെടാന്‍ തന്നെയോ മറന്നുപോയ നിര്‍വികാരത. മുന്നില്‍ കാണുന്നവരുടെ മുഖങ്ങളിലേക്ക് അങ്ങനെ അനിശ്ചിതമായി നോക്കിയിരിക്കാന്‍ ഒരു മനുഷ്യന് അല്‍ഷൈമേഴ്സും പാര്‍ക്കിന്‍സണ്‍ രോഗവും ഒന്നിച്ചുവരേണ്ടതുണ്ടോ? പക്ഷേ, രണ്ടിനുമിടയില്‍ തീര്‍ത്ത നൂല്‍പാലമാണ് ഇന്ന് ഫെര്‍ണാണ്ടസിന്റെ ജീവിതം.


അത് പൊടുന്നനെ അവിചാരിതമായൊരു കലഹത്തിന്റെ കൂടി ഒത്തനടുവിലായിരിക്കുന്നു. ഒരിക്കല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കലഹത്തിന്റെ തീപാറിച്ച സോഷ്യലിസ്റ്റ് വിപ്ലവകാരി തീരാവ്യാധിക്കു പിന്നാലെ പുതിയ കലഹത്തിനു മുന്നിലും തോല്‍ക്കുകയാണ്. കൃഷ്ണമേനോന്‍ മാര്‍ഗിലെ മൂന്നാം നമ്പര്‍ ബംഗ്ലാവിലേക്ക് കഴിഞ്ഞദിവസം കുടിയേറിയ ഭാര്യയും മകനും മറ്റുള്ളവരെ കുടിയിറക്കി. അത്തരക്കാരുടെ ശല്യം ഒഴിവാക്കുന്നതിന് പൊലീസ് ഇടപെടല്‍ ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനും പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരിക്കുന്നു. അതിനിടയില്‍ ആദ്യം പുറത്തായത്, 25 കൊല്ലം ഫെര്‍ണാണ്ടസിന് സന്തതസഹചാരിയായിരുന്ന സമതാപാര്‍ട്ടി മുന്‍ പ്രസിഡന്റു കൂടിയായ ജയാ ജെയ്റ്റ്ലിയാണ്. മുന്‍ മന്ത്രി ഹുമയൂണ്‍ കബീറിന്റെ മകള്‍ ലൈലാ കബീറാണ് ഫെര്‍ണാണ്ടസിന്റെ ഭാര്യ. 13 കൊല്ലത്തെ ദാമ്പത്യം അവസാനിപ്പിച്ച് ലൈല മകന്‍ സിയാനുമൊത്ത് ഇറങ്ങിപ്പോയത് 1984ലാണ്. ബന്ധം അന്നത്തോടെ അവസാനിച്ചെങ്കിലും നിയമപരമായി വേര്‍പിരിഞ്ഞിരുന്നില്ല.


ഫലത്തില്‍ ഫെര്‍ണാണ്ടസിന്റെ ആസ്തികള്‍ക്കത്രയും അവകാശികള്‍ ഭാര്യയും വിദേശത്തായിരുന്ന മകനുമാണ്. ഇത്രയുംകാലം പരിചരിച്ചിരുന്നവരെയും വിശ്വസ്തരെയും മാറ്റിനിറുത്തി കഴിഞ്ഞദിവസം വൈദ്യപരിശോധനക്ക് ഫെര്‍ണാണ്ടസിനെ ആശുപത്രിയില്‍ കൊണ്ടുപോയത് ഭാര്യയും മകനും ചേര്‍ന്നാണ്. ഫെര്‍ണാണ്ടസിനെ കാണണമെന്നു പറഞ്ഞ് ഗേറ്റിനു മുന്നില്‍ ആളുകള്‍ തടിച്ചു കൂടിയത് ചില്ലറ ഉരസലിനിടയാക്കി. ഫെര്‍ണാണ്ടസ് തടങ്കലിലാണെന്ന് അവര്‍ പരിതപിച്ചു. ഒടുവില്‍ മകന്റെ പരാതി തുഗ്ലക്കാബാദ് പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ കസ്റ്റഡിയിലായത് ഫെര്‍ണാണ്ടസിന്റെ ഏറ്റവും വിശ്വസ്തനായ അനില്‍ ഹെഗ്ഡെ അടക്കമുള്ളവരാണ്. ചില സ്ഥാപിതതാല്‍പര്യക്കാരുടെ നിരന്തര ശല്യം ഫെര്‍ണാണ്ടസിന്റെ ആരോഗ്യത്തെ ബാധിക്കുന്നുവെന്നും അത്തരക്കാരില്‍നിന്ന് അദ്ദേഹത്തിനും കുടുംബാംഗങ്ങളായ തങ്ങള്‍ക്കും പൊലീസ് സംരക്ഷണം നല്‍കണമെന്നുമാണ് മകന്‍ ആഭ്യന്തരമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. വീട്ടില്‍ കയറ്റരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നവരുടെ ലിസ്റ്റില്‍ ജയാ ജെയ്റ്റ്ലിയുമുണ്ട്. ഫെര്‍ണാണ്ടസിന്റെ ഇളയ സഹോദരനായ റിച്ചാര്‍ഡ് ഫെര്‍ണാണ്ടസും കളത്തിനു പുറത്താണ്.

എ.എസ്. സുരേഷ്കുമാര്‍

കടപ്പാടു്
മാധ്യമം 2010 ജനുവരി 15

.

2010/01/11

ജോര്‍ജ്‌ ഫെര്‍ണാണ്ടസിന്റെ സ്വത്തുക്കള്‍ ജയാ ജേത്ത്‍ലി കൈയടക്കിയെന്ന്‌ മകനും ഭാര്യയും

നവ ദില്ലി,ജനുവരി 10: തങ്ങള്‍ക്ക്‌ അവകാശപ്പെട്ട സ്വത്തുക്കള്‍ ജനതാദള്‍-യുണെറ്റഡ് പാര്‍ട്ടിക്കാര്‍ അനധികൃതമായി കൈയടക്കിവച്ചിരിക്കു കയാണെന്ന്‌ ആരോപിച്ച്‌ മുന്‍ പ്രതിരോധമന്ത്രിയും ജനതാദള്‍-യുണെറ്റഡ് നേതാവുമായ ജോര്‍ജ്‌ ഫെര്‍ണാണ്ടസിന്റെ ബന്ധുക്കള്‍ രംഗത്തെത്തി.

ആല്‍സ്‌ ഹൈമേഴ്‌സ്‌, പാര്‍ക്കിന്‍സണ്‍സ്‌ രോഗങ്ങളാല്‍ വലയുന്ന മുന്‍ സോഷ്യലിസ്റ്റ് ജോര്‍ജ്‌ ഫെര്‍ണാണ്ടസിന്റെ ചികില്‍സയ്‌ക്കു പണം കണ്ടെത്താന്‍ തങ്ങള്‍ പാടുപെടുകയാണെന്നും അതിനാല്‍ ജനതാദള്‍- യുണെറ്റഡ് നേതാക്കള്‍ കൈയടക്കിവച്ചിരിക്കുന്ന സ്വത്തുക്കള്‍ അദ്ദേഹത്തിനു തന്നെ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്‌ ഭാര്യയും ഹമായൂണ്‍ കബീറിന്റെ മകളുമായ ലെയ്‌ലാ കബീറും മകന്‍ സിയാന്‍ ഫെര്‍ണാണ്‌ടസും ആഭ്യന്തരമന്ത്രാലയത്തിനും ദില്ലിപോലീസിലും പരാതി നല്‍കി.

ജോര്‍ജ്‌ ഫെര്‍ണാണ്‌ടസിന്റെ ഓര്‍മക്കുറവ്‌ മുതലെടുത്ത്‌ അദ്ദേഹത്തിന്റെ അടുത്ത അനുയായിയും ജനതാദള്‍-യുണെറ്റഡ് നേതാവുമായ ജയാ ജേത്ത്‍ലിയാണ്‌ സ്വത്തുക്കള്‍ കൈവശപ്പെടുത്തിയതെന്ന്‌ സിയാന്‍ ഫെര്‍ണാണ്‌ടസ്‌ ആരോപിച്ചു