2010/03/24

ചെലവില്ലാ കൃഷിരീതി പരിശീലന കളരി പുട്ടണ്ണയ്യ ഉദ്ഘാടനം ചെയ്യും


കോട്ടയം:സുഭാഷ് പലേക്കറുടെ ചെലവില്ലാ കൃഷിരീതിയുടെ പരിശീലന കളരി ഏപ്രില്‍ 5 മുതല്‍ 8 വരെ കോട്ടയത്ത് നടത്തും. മാങ്ങാനം ക്രൈസ്തവാശ്രമത്തിലെ ഫുക്കുവോക്കോ നഗറില്‍ ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രവും വിവിധ ജനകീയ പ്രസ്ഥാനങ്ങളും ചേര്‍ന്നാണ് നടത്തുന്നത്.

ഏപ്രില്‍ അഞ്ചിന് രാവിലെ 10ന് കേരള ഗാന്ധിസ്മാരക നിധി ചെയര്‍മാന്‍ പി.ഗോപിനാഥന്‍ നായരുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗം കര്‍ണാടകയിലെ പ്രമുഖ കര്‍ഷക നേതാവായ പുട്ടണ്ണയ്യ ഉദ്ഘാടനം ചെയ്യും.

രാസവളങ്ങളും കീടനാശിനികളും പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ടുള്ളതാണ് കൃഷിരീതി. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ മാര്‍ച്ച് 30നകം പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446390839,9605001015 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികളായ എന്‍.പരമേശ്വരന്‍ നായര്‍, അഡ്വ.ജോഷി ജേക്കബ്, എം.കുര്യന്‍, കെ.എം.ഹിലാല്‍, അഡ്വ.ജയമോന്‍ തങ്കച്ചന്‍, ജോര്‍ജ് പി.ജോണ്‍, എന്‍.കെ.രവി എന്നിവര്‍ അറിയിച്ചു.

ഫോട്ടോ: കോട്ടയം വാര്‍‍ത്ത
.

ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുന്നത്‌ സാമ്പത്തിക കുത്തകകള്‍

തൃപ്രയാര്‍, മാര്‍ച്ച് 22: ഭീകരവാദവും തീവ്രവാദവും സ്‌പോണ്‍സര്‍ ചെയ്യുന്നത്‌ സാമ്പത്തിക കുത്തകകളാണെന്നും തീവ്രവാദികളുടെ ആക്രമണങ്ങള്‍ക്ക്‌ ഇരയാകുന്നവര്‍ സാധാരണക്കാരായ ഗ്രാമീണ ജനങ്ങളാണെന്നും സര്‍വസേവാ സംഘം ദേശീയ സെക്രട്ടറി ടി.ആര്‍.എന്‍. പ്രഭു അഭിപ്രായപ്പെട്ടു. വലപ്പാട്‌ ചന്തമൈതാനിയില്‍ ഹിന്ദുസ്വരാജ്‌ സംവാദയാത്ര സ്വീകരണവും മഹാത്മാ സാംസ്‌കാരിക പ്രദര്‍ശനവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വടക്കു കിഴക്കന്‍ സംസ്‌ഥാനങ്ങളില്‍ ജനങ്ങളെ തീവ്രവാദികളാക്കി മുദ്രകുത്തി ഭൂമിയും വിഭവങ്ങളും വരുതിയിലാക്കുകയാണ്‌ ഭരണകൂടവും കുത്തകളും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ ഐ.ടി. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ഗാന്ധി പീസ്‌ ഫൗണ്ടേഷന്‍ സംസ്‌ഥാന സെക്രട്ടറി കെ. പരമേശ്വരശര്‍മ, വലപ്പാട്‌ എഇഒ എ.ബി. ജയപ്രകാശ്‌, സി.വി. മുഹമ്മദ്‌, എന്‍.പി. സുലൈമാന്‍, സി.കെ. ബിജോയ്‌, ടി.വി. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.ഹിന്ദു സ്വരാജ്‌ സമ്മേളനം സിവിക്‌ ചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു.

സണ്ണി വൈക്കട, കെ.പി.എ. റഹിം, എം. പീതാംബരന്‍ എന്നിവര്‍ പ്രസംഗിച്ചു. സംവാദയാത്രയോടനുബന്ധിച്ച്‌ ഗാന്ധി സാഹിത്യ പ്രദര്‍ശനം, ഫോട്ടോ പ്രദര്‍ശനം, സ്വദേശി ഉല്‍പന്ന പ്രദര്‍ശനം എന്നിവ നടന്നു.
.

ഡോ. ലോഹിയ മഹാത്മജിയുടെ മാനസപുത്രന്‍: ഡോ. അനന്തമൂര്‍ത്തി

കോഴിക്കോട്‌, മാര്‍ച്ച് 23: മഹാത്മാഗാന്ധിയുടെ മാനസപുത്രനായിരുന്നു ഡോ. രാംമനോഹര്‍ലോഹിയയെന്ന്‌ ഡോ. യു.ആര്‍. അനന്തമൂര്‍ത്തി അഭിപ്രായപ്പെട്ടു. അതേസമയം പ്രയാസകരമായ ചോദ്യങ്ങള്‍ ഉന്നയിച്ച്‌ ഗാന്ധിജിയെ ലോഹിയ അലോസരപ്പെടുത്തിയിരുന്നതായും ലോഹിയ ജന്മശതാബ്‌ദി സമ്മേളനം ഉദ്‌ഘാടനം ചയ്യവെ അദ്ദേഹം പറഞ്ഞു. ഗാന്ധിജിക്കു പിന്നാലെവന്ന ചട്ടപ്പടി ഗാന്ധിയന്‍മാരില്‍ നിന്ന് വ്യത്യസ്തമായി അദ്ദേഹത്തിന്റെ ആദര്‍ശമൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയ നേതാവായിരുന്നു ഡോ. രാംമനോഹര്‍ ലോഹിയയെന്ന് അനന്തമൂര്‍ത്തി ചൂണ്ടിക്കാട്ടി.

നമ്മുടെ രാജ്യത്ത്‌ രണ്ട്‌ തരം പൗരന്മാരുണ്ട്‌. ഒന്ന്‌ ഗാന്ധിയന്‍ സമീപനമുള്ളവര്‍. മറ്റൊരു കൂട്ടര്‍ നെഹ്‌റുവിന്റെ നിലപാടുള്ളവര്‍. ജവാഹര്‍ലാല്‍ നെഹ്രു പാശ്ചാത്യ വന്‍കിട നഗരങ്ങളുടേതിനു സമാനമായ വികസനമാണ് വിഭാവനം ചെയ്തത്. എന്നാല്‍ സമൂഹത്തിലെ ഏറ്റവും ദരിദ്രരായവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്ന വിശാലമായ വികസന വീക്ഷണമായിരുന്നു ഗാന്ധിജിയുടെത്.ഇതില്‍ ചിന്തയിലും പ്രവര്‍ത്തിയിലും തികഞ്ഞ ഗാന്ധിയനായിരുന്നു ഡോ. ലോഹിയ. സ്വാതന്ത്ര്യത്തിനുമുമ്പും ശേഷവും പലകാര്യങ്ങളിലും നെഹ്‌റുവുമായി ലോഹിയ ഏറ്റുമുട്ടുമായിരുന്നു. നഗരവത്‌കൃത സമൂഹമാണ്‌ നെഹ്‌റുവിന്റെ വികസന കാഴ്‌ചപ്പാടെങ്കില്‍ ഗ്രാമീണ മനുഷ്യന്റെ നന്മയാണ്‌ ലോഹിയ ലക്ഷ്യംവച്ചത്‌. വരേണ്യതയും ജനകീയതയും തമ്മിലുള്ള അന്തരവും അവര്‍ തമ്മിലുണ്ടായിരുന്നു. പിന്നോക്കക്കാരന്‍ ഭരണത്തിലെത്തിയാലും വരേണ്യ സ്വഭാവം കാണിക്കുമെന്ന്‌ ലോഹിയ പറഞ്ഞു. അത്‌ ശരിയായിരുന്നു എന്നാണ്‌ മായാവതിയെപ്പോലുള്ളവര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നതെന്നും ഡോ. മൂര്‍ത്തി പറഞ്ഞു.


ഗാന്ധിയന്‍ പ്രത്യയശാസ്ത്രത്തിന് ശാസ്ത്രീയ അടിത്തറ നല്കിയ സൈദ്ധാന്തികനായിരുന്നു രാംമനോഹര്‍ ലോഹിയയെണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു.
വെറും രാഷ്ട്രീയനേതാവല്ല, ഒരു യുഗത്തെ വിഭാവനം ചെയത മഹാനാണ് ഡോ. ലോഹ്യയെന്ന് അധ്യക്ഷപ്രസംഗത്തില്‍ എം.പി. ബാലകൃഷ്ണന്‍ പറഞ്ഞു. നിലവിലുള്ള വ്യവസ്ഥയെ വെല്ലുവിളിച്ച് പലര്‍ക്കും അസ്വസ്ഥത സൃഷ്ടിച്ച ഡോ. ലോഹിയ അപ്രിയസത്യങ്ങള്‍ വിളിച്ചുപറഞ്ഞ് എതിര്‍പ്പുകള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെന്ന് ഡോ. വി. രാജകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

ജന്മശതാബ്ദി ആഘോഷകമ്മിറ്റിയുടെ ഉപഹാരം ഡോ. അനന്തമൂര്‍ത്തിയ്ക്ക് എം.പി. വീരേന്ദ്രകുമാര്‍ സമ്മാനിച്ചു. ചടങ്ങില്‍ പഴയകാല സോഷ്യലിസ്റ്റ് നേതാക്കളെ ആദരിച്ചു.
'ഡോ. രാംമനോഹര്‍ലോഹ്യ റിമംബേഡ്- ഹിസ് ഫിലോസഫി, സ്‌കോളര്‍ഷിപ്പ് ആന്‍ഡ് വിഷന്‍' എന്ന എസ്‌.ആര്‍ നാഗെയുടെ പുസ്തകം ഡോ. വി. രാജകൃഷ്ണന് നല്കി ഡോ. അനന്തമൂര്‍ത്തി പ്രകാശനം ചെയ്തു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ഇ.കെ. ശ്രീനിവാസന്‍ സ്വാഗതവും വര്‍ക്കിങ് ചെയര്‍മാന്‍ പി.എം.തോമസ് നന്ദിയും പറഞ്ഞു.

ഫോട്ടോ മാതൃഭൂമി
.

2010/03/23

ലോഹിയ: ജന്മശതാബ്‌ദിയിലും ജ്വലിക്കുന്ന ദീപം



എന്‍.കെ. ഗംഗാധരന്‍
2010 മാര്‍ച്ച്‌ 23: ത്യാഗത്തിന്റേയും സാഹസികതയുടേയും പാത തെരഞ്ഞെടുത്ത തളരാത്ത പോരാളിയായിരുന്ന ഡോ. രാം മനോഹര്‍ ലോഹിയയുടെ ജന്മശതാബ്‌ദി ദിനമാണിന്ന്‌. 1910 മാര്‍ച്ച്‌ 23- ന്‌ ഉത്തര്‍പ്രദേശിലെ അക്‌ബര്‍പൂരിലാണു ലോഹിയയുടെ ജനനം. ഗാന്ധിയനും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനുമായ ഹിരലാല്‍ ലോഹിയയായിരുന്നു പിതാവ്‌. 1918- ലെ അഹമ്മദാബാദ്‌ കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ പങ്കെടുത്ത ഹിരലാല്‍, എട്ടു വയസുള്ള രാം മനോഹറിനേയും സമ്മേളനത്തിനു കൊണ്ടുപോയി.


1920- ല്‍ ആദ്യമായി ഗാന്ധിജിയെ കണ്ട ലോഹ്യ, അദ്ദേഹത്തില്‍ ആകൃഷ്‌ടനായി. 1924- ല്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍, കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുത്തു. 1928- ല്‍ സൈമണ്‍ കമ്മിഷനെതിരേ വിദ്യാര്‍ഥികളെ നയിച്ചു. 1929- ല്‍ കൊല്‍ക്കത്തയിലെ വിദ്യാസാഗര്‍ കോളജില്‍നിന്നു ബിരുദം നേടി. ബിരുദാനന്തര പഠനം ജര്‍മനിയിലായിരുന്നു. 1932- ല്‍ ബര്‍ലിന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും പി.എച്ച്‌.ഡി. ലഭിച്ചു.


1934 മേയ്‌ 17- ന്‌ പട്‌നയില്‍, ആചാര്യ നരേന്ദ്രദേവിന്റെ അധ്യക്ഷതയില്‍ സമ്മേളിച്ച സോഷ്യലിസ്‌റ്റുകള്‍ ദേശീയനിലവാരത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ഒരു സോഷ്യലിസ്‌റ്റ് പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചു. ഈ സമ്മേളനത്തില്‍, കോണ്‍ഗ്രസ്‌ സോഷ്യലിസ്‌റ്റ് പാര്‍ട്ടിയുടെ (സി.എസ്‌.പി.) രൂപരേഖ അവതരിപ്പിച്ചുകൊണ്ടാണ്‌ ലോഹ്യ ഇന്ത്യയിലെ സോഷ്യലിസ്‌റ്റ് പ്രസ്‌ഥാനത്തിന്റെ മുന്‍പന്തിയിലേക്കു കടന്നുവന്നത്‌. 1936-38 കാലഘട്ടത്തില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ വിദേശകാര്യ സെക്രട്ടറിയായി.


ബ്രിട്ടീഷ്‌ ഭരണത്തിന്റെ അടിത്തറ ഇളക്കിയ ക്വിറ്റ്‌ ഇന്ത്യാ സമരത്തിന്റെ ചാലകശക്‌തിയായിരുന്നതു ഡോ. ലോഹ്യയും ജയപ്രകാശ്‌ നാരായണനും നേതൃത്വം നല്‍കിയ സോഷ്യലിസ്‌റ്റ് പ്രവര്‍ത്തകരായിരുന്നു.


ക്വിറ്റ്‌ ഇന്ത്യാ ആഹ്വാനത്തെത്തുടര്‍ന്ന്‌ ഓഗസ്‌റ്റ് ഒമ്പതിനു നേതാക്കളെല്ലാം അറസ്‌റ്റിലായി. ഗാന്ധിജിയുടേയും കോണ്‍ഗ്രസ്‌ നേതാക്കളുടേയും അറസ്‌റ്റിനെതിരേ രാജ്യമൊട്ടാകെ പ്രകടനങ്ങള്‍ ആരംഭിച്ചു. ബ്രിട്ടീഷ്‌ ഭരണാധികാരികളെ അമ്പരപ്പിച്ചുകൊണ്ട്‌, അജ്‌ഞാത കേന്ദ്രത്തില്‍നിന്നു പ്രക്ഷേപണമാരംഭിച്ച 'കോണ്‍ഗ്രസ്‌ റേഡിയോ' ജനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. അജ്‌ഞാത റേഡിയോനിലയം സ്‌ഥാപിച്ച്‌ പ്രക്ഷേപണം നടത്തിയതിന്റെ പിന്നില്‍ ഡോ. ലോഹ്യ ആയിരുന്നു. 1944- ല്‍ അറസ്‌റ്റ് ചെയ്യുന്നതുവരെ ഡോ. ലോഹ്യ ഒളിപ്പോരാളിയായി സമരം നയിച്ചു. 1946- ല്‍ ജയില്‍ മോചിതനായ ലോഹിയ അഖിലേന്ത്യാ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ സെക്രട്ടറി പദവി നിരസിച്ചു.


1956- ല്‍ പ്രസിദ്ധമായ മാന്‍കൈന്‍ഡ്‌ മാസികയുടെ പ്രസിദ്ധീകരണം ആരംഭിച്ചു. 1951- ലെ അമേരിക്കന്‍ സന്ദര്‍ശനം ലോഹ്യയെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായിരുന്നു. ആത്മത്യാഗത്തിന്റെ രാഷ്‌ട്രീയമാണ്‌ അമേരിക്കയില്‍ അദ്ദേഹം ഊന്നിപ്പറഞ്ഞത്‌. നിയമലംഘനം രാഷ്‌ട്രീയമാറ്റത്തിന്‌ ആവശ്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു.


ലോക്‌സഭയില്‍ വനിതാ സംവരണ ബില്‍ അവതരണവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും പരക്കെ ചര്‍ച്ചയ്‌ക്കു വിധേയമായിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ വനിതാവിവേചനത്തെ സംബന്ധിച്ച ലോഹ്യയുടെ കാഴ്‌ചപ്പാടുകള്‍ ഏറെ പ്രസക്‌തമാണ്‌. സ്‌ത്രീ-പുരുഷ സമത്വത്തിനുവേണ്ടി ശക്‌തമായി വാദിച്ച ലോഹ്യ, പുരുഷ മേധാവിത്വം സ്‌ഥിതിസമത്വവാദത്തിന്‌ എതിരാണെന്ന്‌ അഭിപ്രായപ്പെട്ടു. താന്‍ നയിച്ച സോഷ്യലിസ്‌റ്റ് പാര്‍ട്ടിയില്‍ വനിതാസംവരണം നടപ്പാക്കാന്‍ അദ്ദേഹം തയാറായി.


ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്‌ഥിരം നിയോജകമണ്ഡലമായ ഫുല്‍പൂരില്‍നിന്ന്‌, അദ്ദേഹത്തിനെതിരേ മത്സരിക്കാനുള്ള ലോഹ്യയുടെ തീരുമാനം ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. പ്രതീക്ഷിച്ചതുപോലെ നെഹ്‌റു തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും അദ്ദേഹത്തിന്റെ ഭൂരിപക്ഷം അമ്പതിനായിരം മാത്രമായിരുന്നു. 1963- ല്‍ ലോഹ്യ പാര്‍ലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ലോഹ്യയുടെ പാര്‍ലമെന്ററി ജീവിതത്തിന്‌ കേവലം നാലുവര്‍ഷത്തെ ദൈര്‍ഘ്യമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ഈ ചുരുങ്ങിയ കാലയളവില്‍ ജനജീവിതത്തിന്റെ സമസ്‌തമേഖലകളേയു ബാധിക്കുന്ന വിഷയങ്ങള്‍ അദ്ദേഹം പാര്‍ലമെന്റില്‍ കൈകാര്യം ചെയ്‌തു.


ഡോ. ലോഹ്യ രാഷ്‌ട്രീയ നേതാവ്‌ മാത്രമായിരുന്നില്ല. ഇന്ത്യയെ കണ്ടെത്താനുള്ള യാത്രയില്‍ അദ്ദേഹം ഒരു ചരിത്രവിദ്യാര്‍ഥിയായി മാറി. ജാതിവ്യവസ്‌ഥയ്‌ക്ക് എതിരായ അദ്ദേഹത്തിന്റെ പോരാട്ടം വാക്കുകളില്‍ മാത്രം ഒതുങ്ങിനിന്നില്ല. ജാതിസമ്പ്രദായം നശിപ്പിക്കുന്നതിനുവേണ്ടിയുള്ള ആദ്യപരിശ്രമങ്ങള്‍ അദ്ദേഹം സോഷ്യലിസ്‌റ്റ് പാര്‍ട്ടിയില്‍തന്നെ ആരംഭിച്ചു.


മഹാനായ രാഷ്‌ട്രീയ ചിന്തകന്‍, ജനാധിപത്യ സോഷ്യലിസത്തിന്‌ വിലപ്പെട്ട സംഭാവന നല്‍കിയ ദാര്‍ശനികന്‍, ജാതിചിന്തയ്‌ക്കും വര്‍ഗീയതയ്‌ക്കും വര്‍ണവിവേചനത്തിനുമെതിരെ ആഞ്ഞടിച്ച മതേതരവാദി, ക്വിറ്റ്‌ ഇന്ത്യാ സമരമുഖത്തും സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ നിരവധി പ്രക്ഷോഭങ്ങളിലും ജ്വലിച്ചുനിന്ന വിപ്ലവകാരി, അതുല്യനായ പാര്‍ലമെന്റേറിയന്‍, രാഷ്‌ട്രഭാഷയ്‌ക്കും പ്രാദേശിക ഭാഷകള്‍ക്കുംവേണ്ടി വാദിച്ച ഭാഷാപ്രേമി, ഗ്രന്ഥകാരനും പ്രഭാഷകനും, ഗംഗാനദിയുടെ മലിനീകരണത്തിനെതിരായി ശബ്‌ദമുയര്‍ത്തിയ പരിസ്‌ഥിതി പ്രേമിയായ രാഷ്‌ട്രീയ നേതാവ്‌- ഈ ജന്മശതാബ്‌ദിവേളയില്‍ ഡോ. ലോഹ്യയ്‌ക്ക് ആദരാഞ്‌ജലികള്‍ അര്‍പ്പിക്കുമ്പോള്‍, അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ ഇന്ന്‌ എത്രമാത്രം പ്രസക്‌തമാണ്‌ എന്ന വിലയിരുത്തല്‍ ആവശ്യമാണ്‌.


ഒരു കാര്യം തീര്‍ച്ച. ലോഹിയയുടെ സിദ്ധാന്തങ്ങളെ അവഗണിച്ച്‌ മുന്നോട്ടുപോകാനാവില്ല. കാലത്തിനു മുമ്പേ നടന്ന മഹാന്റെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്ന്‌, കാലത്തെ അതിജീവിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കംകുറിക്കാന്‍ നമുക്കു കഴിയുമോ?

.

2010/03/18

സീറോ ബജറ്റ് നാച്വറല്‍ ഫാമിങ് പരിശീലനക്കളരി കോട്ടയത്ത്



കോട്ടയം: സീറോ ബജറ്റ് നാച്വറല്‍ ഫാമിങ് (ചെലവില്ലാ സ്വാഭാവിക കൃഷി) എന്ന പരിസ്ഥിതി സൗഹൃദ കൃഷി രീതിയുടെ പരിശീലനക്കളരി പ്രകൃതി കൃഷി ശാസ്ത്രജ്ഞന്‍ സുഭാഷ് പാലേക്കരുടെ നേതൃത്വത്തില്‍ ഏപ്രില്‍ അഞ്ചുമുതല്‍ എട്ടുവരെ കോട്ടയത്ത് നടത്തുന്നു. രാസവളം ഉപയോഗിച്ചുള്ള കൃഷിയില്‍‍നിന്നും ജൈവകൃഷിയില്‍‍നിന്നും വ്യത്യസ്തമായ ഈ കൃഷിരീതി ഇന്ത്യയില്‍ മുപ്പതു ലക്ഷത്തോളം ആളുകള്‍ വിജയകരമായി പിന്തുടരുന്നതാണു്.


നാടന്‍ പശുവിന്റെ മൂത്രവും ചാണകവും ചേര്‍ത്തു നിര്‍മിക്കുന്ന മിശ്രിതം മണ്ണില്‍ പ്രയോഗിച്ച് വിളവ് വര്‍ധിപ്പിക്കുകയാണു സീറോ ബജറ്റ് ഫാമിങ്ങിലൂടെ പ്രധാനമായി ഉദ്ദേശിക്കുന്നത്. 30 ഏക്കര്‍ സ്ഥലത്ത് വരെ സുഖമായി കൃഷി നടത്താന്‍ ഒരു നാടന്‍ പശുവിന്റെ ചാണകവും മൂത്രവും മാത്രം മതി. ഇപ്പോള്‍ കൃഷിക്കായി ഉപയോഗിക്കുന്നതിന്റെ 10% വൈദ്യുതിയും ജലവും മതിയാകും.


ഈ ചെലവില്ലാ സ്വാഭാവിക കൃഷി രീതിയുടെ ഉപജ്ഞാതാവായ സുഭാഷ് പാലേക്കര്‍ (ഫോട്ടോ) മഹാരാഷ്ട്രയിലെ അമരാവതി മഹാരാഷ്ട്രയിലെ യവത്മാള്‍ ജില്ലയിലെ ഖഡക് സവാംഗ ഗ്രാമക്കാരനാണു്. 1949 ല്‍ ആണ് ജനനം. സ്വന്തം ഗ്രാമത്തിലും പിന്നീട് അമരാവതി നഗരത്തിലും പഠനം നടത്തി. കോളജ് പഠനം കഴിഞ്ഞ ഉടനെ കൃഷിയിടത്തിലേയ്ക്കുപോയി. വിനോബഭാവെയുടെ സാമൂഹിക ഇടപെടലുകളില്‍ അദ്ദേഹം ആകൃഷ്ടനായി. സന്ത് ജ്ഞാനേശ്വറും തുക്കാറാമും സ്വാധീനിച്ചു.

വിദേശ, സ്വദേശ ഫണ്ടിങ്ങുകളുടെ പിന്‍ബലം സുഭാഷ് പാലേക്കര്‍ക്കില്ല. കമ്പനികളില്‍നിന്നോ സംഘടനകളില്‍നിന്നോ സര്‍ക്കാരില്‍നിന്നോ പൈസ കൈപ്പറ്റുന്നുമില്ല. സെമിനാറുകളില്‍നിന്നും വര്‍ക്ഷോപ്പുകളില്‍നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം ഉപയോഗിച്ചാണ് സീറോ ബജറ്റ് നാച്ചുറല്‍ ഫാമിങ് കൃഷിരീതി രാജ്യമൊട്ടാകെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.


കോട്ടയം ഗാന്ധിസ്മാരക സേവാകേന്ദ്രം, കോട്ടയം സര്‍വോദയ മണ്ഡലം, പത്തനംതിട്ട സര്‍വോദയ മണ്ഡലം, സമാജ്‌വാദി ജനപരിഷത്, കേരള കര്‍ഷകമുന്നണി, കോട്ടയം പ്രകൃതിജീവനസമിതി, കട്ടപ്പന ഗ്രീന്‍ലീഫ്, ആരോഗ്യ ജാഗ്രത, പൂഞ്ഞാര്‍ ഭൂമിക തുടങ്ങിയ സംഘടനകളാണ് കോട്ടയത്ത് പരിശീലനക്കളരി സംഘടിപ്പിക്കുന്നത്. പരിശീലനക്കളരിയുടെ സംഘാടകസമിതി രൂപവത്കരണം ജനു22ന് വൈകീട്ട് നാലിന് കോട്ടയം അയ്യപ്പസേവാസംഘം ഹാളിലാണു് ചേര്‍‍ന്നതു്.

ബന്ധപ്പെടുക: എം കുര്യന്‍ (കോട്ടയം ഗാന്ധിസ്മാരക സേവാകേന്ദ്രം ഗാന്ധി സ്മാരക സേവാ കേന്ദ്രം സെക്രട്ടറി) 9446390839

Zero Budget Natural Farming കാണുക

.