2014/05/08

സുപ്രീം കോടതിയുടെ അന്യായവിധിക്ക്‌ വഴിവച്ചത്‌ യു.ഡി.എഫ്‌ - എല്‍.ഡി.എഫ്‌ നയങ്ങളാണ്‌-സമാജവാദി ജനപരിഷത്ത്‌ ദേശീയ പ്രസിഡന്റ്‌ ജോഷി


കോട്ടയം : കേരളത്തിന്റെ വിശാല താല്‌പര്യങ്ങള്‍ക്കും പരിസ്ഥിതിയ്‌ക്കും പോലും എതിരായ സുപ്രീംകോടതിയുടെ അന്യായവിധിക്ക്‌ വഴിവച്ചത്‌ കാലങ്ങളായി തുടരുന്ന യു.ഡി.എഫ്‌ , എല്‍.ഡി.എഫ്‌ നയങ്ങളാണെന്ന്‌ സമാജവാദി ജനപരിഷത്ത്‌ ദേശീയപ്രസിഡന്റ്‌ അഡ്വ.ജോഷി ജേക്കബ്‌ അഭിപ്രായപ്പെട്ടു.

ഇരുമുന്നണിയിലുംപെട്ട വ്യവസ്ഥാപിത രാഷ്‌ട്രീയകക്ഷികളുടെ നേതാക്കള്‍ ദീര്‍ഘകാലമായി തമിഴ്‌നാട്ടില്‍നിന്നും കൈക്കൂലി വാങ്ങിവരികയായിരുന്നു. ബ്രിട്ടീഷ്‌ സാമ്രാജ്യത്വം അടിച്ചേല്‍പ്പിച്ച കരാര്‍ അച്യുതമേനോന്‍ മന്ത്രിസഭയുടെ കാലത്ത്‌ പുതുക്കി നല്‍കിയവകയില്‍ തമിഴ്‌നാട്ടില്‍നിന്നും രാജ്യസഭ സീറ്റ്‌ ഒരു രാഷ്‌ട്രീയകക്ഷി തരപ്പെടുത്തിയതും വിസ്‌മരിക്കരുത്‌.

മുല്ലപ്പെരിയാര്‍ സമരസമതി ഉയര്‍ത്തിക്കൊണ്ടുവന്ന ജനവികാരത്തിന്റെ ശക്തിയാണ്‌ അന്തിമഘട്ടത്തിലെങ്കിലും ആത്മാര്‍ത്ഥനിലപാട്‌ കൈക്കൊള്ളുവാന്‍ കേരളത്തിന്റെ രാഷ്‌ട്രീയനേതൃത്വത്തെ നിര്‍ബന്ധിതരാക്കിയത്‌.

എന്നാല്‍ മുന്‍കാലങ്ങളിലെ കരിങ്കാലിപ്രവര്‍ത്തനങ്ങളുടെ പരിണിതഫലം 1996-ലെ കേരളവിരുദ്ധവും പക്ഷപാതപരവുമായ സുപ്രീംകോടതി വിധിയില്‍ കലാശിക്കുവാന്‍ ഇടയാക്കിയത്‌.

അതില്‍നിന്നുള്ള പരിവര്‍ത്തനത്തിന്‌ നാന്ദിയായി തീര്‍ന്നത്‌ മുല്ലപ്പെരിയാര്‍ സമരമാണ്‌. അന്നത്തെ വിധിയുടെ റിവ്യൂഹര്‍ജിയെ തുടര്‍ന്നുള്ള കേരളസര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്കെല്ലാം പ്രേരണയും ബലവും പകരുവാന്‍ സമരം സഹായിച്ചു.

എന്നാല്‍ അണക്കെട്ടു നിര്‍മ്മാണത്തിന്‍ കരാര്‍ പണിയിലെ വെട്ടുമേനി മുന്നില്‍കണ്ട്‌ യു.ഡി.എഫും, എല്‍.ഡി.എഫും പുതിയ അണക്കെട്ട്‌ എന്നവാദവുമായി കേരളത്തിന്റെ ധാര്‍മ്മികവും രാഷ്‌ട്രീയവുമായ കരുത്തിന്റെ ചോര്‍ച്ചയ്‌ക്കിടയായി. തമിഴ്‌നാടിന്‌ ന്യായമായ വെള്ളംകൊടുക്കുവാന്‍ കുറഞ്ഞചെലവിലും കുറഞ്ഞപ്രത്യാഘാതത്തിലും തുരങ്കം നിര്‍മ്മിച്ച്‌ കഴിയാമെന്നിരിക്കെ കാലപ്പഴക്കവും ഭൂകമ്പദുരന്തവും വരുത്തി വയ്‌ക്കുവാന്‍ ഏറെ സാധ്യതയുള്ള അണക്കെട്ടുവാദം മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ നിഷ്‌പക്ഷമായ വിലയിരുത്തലില്‍ കേരളഭാഗത്തെ ദുര്‍ബലപ്പെടുത്തുകയാണ്‌ ചെയ്‌തത്‌, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രാഷ്‌ട്രീയ നേതൃത്വം കേരളജനതയോട്‌ വഞ്ചനാപരമായ സമീപനം പുലര്‍ത്തിവന്നതിനാല്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരും തമിഴ്‌നാടിനെ സഹായിക്കുന്ന സേവകവൃന്ദങ്ങളായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇതിനിടയില്‍ കോടതി വിധിയുടെ കൂടെ മറവില്‍ തമിഴ്‌നാട്‌ കോണ്‍ക്രീറ്റ്‌ നിറച്ച്‌ അണക്കെട്ട്‌ ബലപ്പെടുത്തുകയും ചെയ്‌തു,

സാമ്രാജ്യത്വം അടിച്ചേല്‍പ്പിച്ച കരാറിന്‌ രാഷ്‌ട്രീയ - ഉദ്യോഗസ്ഥ നേതൃത്വത്തിന്റെ നിരന്തരമായ വഞ്ചനയിലൂടെ നിയമപ്രാബല്യം ഉണ്ടാക്കിയെടുക്കുകയും അന്യായമായി 142 അടി ജലനിരപ്പ്‌ ഉയര്‍ത്തുന്നത്‌ ഉള്‍പ്പെടെയുള്ള കേരളവിരുദ്ധവിധികള്‍ സുപ്രീംകോടതി പുറപ്പെടുവിക്കുകയും ചെയ്യുന്നത്‌ കേരളജനതയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്‌. അതിനെതിരെ ജനാധിപത്യ ശക്തികള്‍ ഉയര്‍ന്നു വരുന്നില്ലെങ്കില്‍ അതു വരുംകാലങ്ങള്‍ പ്രതിലോമകരമായ വിധ്വംസക ശക്തികള്‍ക്ക്‌ കളമൊരുക്കുന്നതായിരിക്കും.